സ്വാമിയുടെ മരണം;കോടിയേരി നേരറിയാന്‍ ശ്രമിച്ചില്ല; മകനുമായുള്ള അടുപ്പം തടസ്സമായി

കൊച്ചി: ആലുവ അദ്വൈതാശ്രമത്തില്‍ വെച്ച് സ്വാമി ശാശ്വതീകാനന്ദ ദുരൂഹസാഹചര്യത്തില്‍ മരിച്ചത് സംബന്ധിച്ച് ബിജു രമേശ് പറഞ്ഞ പരാതിയില്‍ കോടിയേരി ബാലകൃഷ്ണനും അന്വേഷണത്തിന് ഉത്തരവിട്ടില്ല.

ഇതുസംബന്ധമായി കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ താന്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ എസ്എന്‍ഡിപി യോഗം നേതാവിനെതിരെ എങ്ങനെ നടപടിയെടുക്കുമെന്ന മറു ചോദ്യമാണ് കോടിയേരി ഉയര്‍ത്തിയതെന്നാണ് ബിജുരമേശ് വെളിപ്പെടുത്തിയത്.

ആറുവര്‍ഷം മുന്‍പ് താന്‍ സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടാനാണ് കോടിയേരി ഉപദേശിച്ചതെന്നും ബിജു രമേശ് പറഞ്ഞു.

ശാശ്വതീകാനന്ദയുടെ മരണശേഷം മാറിമാറി വന്ന ഇടത്-വലത് സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാവശ്യമായ നടപടികളൊന്നും ഉണ്ടായില്ലെന്ന കാര്യമാണ് ബിജു രമേശ് വെള്ളാപ്പള്ളിയെയും മകനെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയ ആരോപണത്തിലൂടെ ഉന്നയിച്ചത്.

കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായി തുഷാര്‍ വെള്ളാപ്പള്ളിക്കുള്ള അടുപ്പമാണ് നടപടി ആവശ്യത്തിന്മേലുള്ള പിന്‍മാറലിന് പിന്നിലെന്നും ആരോപണമുണ്ട്.

തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ബിജുരമേശിന്റെ വെളിപ്പെടുത്തലെന്ന വാദത്തിന്റെ ചിറകരിയാനും കോടിയേരിയുടെ സമീപനത്തിനെതിരായ ബിജുരമേശിന്റെ പ്രതികരണം വഴി കഴിഞ്ഞിട്ടുണ്ട്.

മാത്രമല്ല വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ രേഖാമൂലം ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചതിന് തെളിവുള്ളതിനാല്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോയെന്ന് മാത്രം പരിശോധിക്കേണ്ട കാര്യമേ ഇനിയൊള്ളൂ. ഇക്കാര്യം ക്രൈം ബ്രാഞ്ച് പരിശോധിക്കുമെന്നാണ് സൂചന.

വെള്ളാപ്പള്ളിക്കെതിരെ ശാശ്വതീകാനന്ദയുടെ മരണം ആുധമാക്കുന്ന സിപിഎമ്മിന് ഇനി മറുപടി നല്‍കേണ്ടിവരിക കോടിയേരിക്ക് കൊടുത്ത പരാതിയില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്നതായിരിക്കും.

Top