സ്വാമിജിയുടെ മരണം ജേക്കബ് തോമസിന് വിടാതിരിക്കാനാണോ ബലിയാടാക്കുന്നത് ?

ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെ പോലെയുള്ള സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് അന്വഷിപ്പിക്കണമെന്ന സ്വാമിജിയുടെ ബന്ധുക്കളുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

പുനരന്വേഷണ സാധ്യത ക്രൈംബ്രാഞ്ച് തീരുമാനിക്കുമെന്നുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാട് ആരെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് പരിശോധിക്കപെടേണ്ടതാണ്.

ക്രൈംബ്രാഞ്ച് സ്വഭാവിക മരണമാണെന്ന് എഴുതി തള്ളിയ കേസ് വീണ്ടും അന്വഷിക്കണമെന്ന് അവര്‍ തന്നെ റിപ്പോര്‍ട്ട് നല്‍കുമോയെന്ന കാര്യം സംശയമാണ്.

ഇനി ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയാല്‍ തന്നെ ഈ അന്വഷണത്തിന്റെ സത്യസന്ധത പൊതു സമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുമെന്ന കാര്യം ഉറപ്പാണ്.

സ്വാമിജിയുടെ ബന്ധുക്കളെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത അന്വേഷണം നടത്തിയത് കൊണ്ട് ആര്‍ക്കാണ് പ്രയോജനം?

പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദനും വിവിധ ശ്രീനാരായണ സംഘടനകളുമടക്കം പൊതുസമൂഹം ഒറ്റക്കെട്ടായി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനായി അനന്തമായി കാത്തിരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണം.

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പ് തന്നെ പുനരന്വേഷണം സാധ്യമല്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത് തെളിവ് ലഭിച്ചാലും പുനരന്വേഷണം നടത്തേണ്ട എന്ന് ഉദ്ദേശിച്ചാണോ ?

ഇവിടെയാണ് സിബിഐയേക്കാള്‍ ബന്ധുക്കള്‍ ജേക്കബ് തോമസിനെ പോലെയുള്ള ക്ലീന്‍ ഇമേജുകാരായ ഉദ്യോഗസ്ഥരില്‍ വിശ്വാസമര്‍പ്പിക്കുന്നത്. വിജിലന്‍സ് എഡിജിപിയായും ഫയര്‍ഫോഴ്‌സ് മേധാവിയായും ജേക്കബ് തോമസ് സ്വീകരിച്ച ശക്തമായ നടപടികളാണ് ഇത്തരമൊരു സാധ്യതയിലെത്താന്‍ അവരെ പ്രേരിപ്പിച്ചത്.

സത്യം പുറത്ത് വരണമെന്ന് സര്‍ക്കാരിന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ ദുരൂഹമരണം സംബന്ധിച്ച് ജേക്കബ് തോമസിനെയോ ഋഷിരാജ് സിങ്ങിനെയോ തലവനാക്കി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയാണ് ഉടനെ ചെയ്യേണ്ടത്.

പുനരന്വേഷണത്തിനായാലും തുടരന്വേഷണത്തിനായാലും ആവശ്യമായ തെളിവുകള്‍ ഇതിനകം തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്.

പുറത്തായ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് തുടരന്വേഷണ സാധ്യത ക്രൈംബ്രാഞ്ച് തന്നെ പരിശോധിക്കുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ? അതും നേരത്തെ കേസന്വേഷിച്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കിയ ക്രൈംബ്രാഞ്ച് യൂണിറ്റ് തന്നെ.

സാധാരണ ഗതിയില്‍ ലോക്കല്‍ പോലീസിന് തെളിയിക്കാന്‍ പറ്റാത്ത കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാറുണ്ട്. അത് പോലെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിനെതിരെയുള്ള ആക്ഷേപങ്ങള്‍ പരിശോധിക്കേണ്ടതും മുതിര്‍ന്ന, വിശ്വാസ്യതയുള്ള ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇനി അതുമല്ലെങ്കില്‍ ക്രൈബ്രാഞ്ച് മേധാവിക്ക് തന്നെ നേരിട്ട് പരിശോധിക്കാമായിരുന്നു.

ഇത് രണ്ടും ചെയ്യാതെ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിക്ക് തുടരന്വേഷണ സാധ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ആഭ്യന്തര വകുപ്പിന്റെ ‘ആത്മാര്‍ത്ഥത’ കൊണ്ടാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല.

ഞങ്ങള്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ സര്‍ക്കാരിന് ഒന്നും ഒളിച്ചു വയ്ക്കാനില്ലെങ്കില്‍… സത്യം പുറത്തുവരണമെന്ന് ആഗ്രഹം ഉണ്ടെങ്കില്‍… അന്വേഷണ ചുമതല ജേക്കബ് തോമസിനോ ഋഷിരാജ് സിങ്ങിനോ നല്‍കുകയാണ് വേണ്ടത്.

സത്യസന്ധരായ ഉദ്യോഗസ്ഥര്‍ വേറെ ഇല്ലാത്തത് കൊണ്ടല്ല, മറിച്ച് ഒരു സ്വാധീനത്തിന് മുമ്പിലും മുട്ട് മടക്കില്ലെന്ന് പ്രവര്‍ത്തിയില്‍ തെളിയിച്ചവരെയാണ് ഇപ്പോള്‍ ആവശ്യം.

ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് പുനഃരന്വേഷണം ആവശ്യപ്പെട്ട് സഹോദരി അടക്കമുള്ള ബന്ധുക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ പരാതി പരിഗണിച്ച് ഉടന്‍ തന്നെ പുനഃരന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഈ മരണം സംബന്ധിച്ച് സത്യം പുറത്ത് വരരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സ്വാമിജിയുടെ മരണത്തെ സംബന്ധിച്ച് ജേക്കബ് തോമസ് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ട് മണിക്കൂറുകള്‍ കഴിയുന്നതിന് മുമ്പാണ് പത്രക്കാരോട് പ്രതികരിച്ചതിന് ഡിജിപി ജേക്കബ് തോമസിനോട് സര്‍ക്കാര്‍ വിശദീകരണം തേടിയിട്ടുള്ളത്.

ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് സര്‍ക്കാരിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണെന്ന മുഖ്യമന്ത്രിയുടെ വാദവും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇപ്പോള്‍ പൊളിച്ചടുക്കിയിരിക്കുകയാണ്. വിവരാവകാശ രേഖയുടെ ‘അപകടം’ ഇപ്പോഴാകും ഉമ്മന്‍ചാണ്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവുക.

ജനങ്ങളോട് കള്ളം പറഞ്ഞതിന് മാപ്പ് പറഞ്ഞ് രാജിവച്ച് പോവുകയാണ് അല്‍പ്പമെങ്കിലും മര്യാദയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി ഇനി ചെയ്യേണ്ടത്.

ജനങ്ങളുടെ ജീവനും സുരക്ഷക്കും പ്രഥമ പരിഗണന നല്‍കി നിലവിലെ നിയമം നടപ്പാക്കിയതിനാണ് ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് തെറുപ്പിച്ച് അപ്രധാന തസ്തികയിലേക്ക് നിയമിച്ചത്. ഫ്‌ളാറ്റ്-ക്വാറി മാഫിയകളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ ‘ദാസ്യവേല’.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അഞ്ച് തവണ സ്ഥലംമാറ്റപ്പെട്ട ഈ ഉദ്യോഗസ്ഥന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് മഹാ അപരാധമായി കണ്ട് വിശദീകരണ നേട്ടീസ് നല്‍കി നടപടിക്കൊരുങ്ങുന്ന സര്‍ക്കാര്‍, ക്രിമിനല്‍-വിജിലന്‍സ് കേസുകളില്‍ പ്രതിയായ ഐജിയെ ക്രൈംബ്രാഞ്ചില്‍ നിയമിച്ചതിന്റെ മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കണം.

ഗുരുതരമായ നിയമവിരുദ്ധ പ്രവര്‍ത്തി നടത്തിയെന്ന് സംസ്ഥാന പൊലീസ് മേധാവി തന്നെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഈ വിവാദ ഐപിഎസുകാരന് ഉദ്യോഗക്കയറ്റം നല്‍കിയത് തന്നെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ്.

ഇതുസംബന്ധമായ ഫയല്‍ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് വരുത്തിയത് സംബന്ധിച്ച രേഖകള്‍ പരിശോധിച്ചാല്‍ തന്നെ ‘നിക്ഷിപ്ത താല്‍പര്യങ്ങള്‍’ വ്യക്തമാകും.

ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ ക്രൈംബ്രാഞ്ച് മേധാവിയുടെ കീഴില്‍ തന്നെ നിയമനം നല്‍കിയതും നിയമത്തെ നോക്കുകുത്തിയാക്കിയാണ്. ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ പരിശോധന ഇതേ ഉദ്യോഗസ്ഥന്റെ കീഴിലുള്ള എറണാകുളം യൂണിറ്റ് ക്രൈംബ്രാഞ്ച് എസ്.പിയാണ് അന്വേഷിക്കുന്നത് എന്നതുതന്നെ വിരോധാഭാസമാണ്.

ഭരണം മാറുന്നതിനനുസരിച്ച് നട്ടെല്ല് വളക്കുന്ന ശിഖണ്ഡികളായ ഉദ്യോഗസ്ഥരെയല്ല നട്ടെല്ലുള്ള ജേക്കബ് തോമസിനെയും ഋഷിരാജ് സിങ്ങിനെയും പോലെയുള്ള ഉദ്യോഗസ്ഥരെയാണ് നാടിന് ആവശ്യം.

അവര്‍ അന്വേഷിച്ചാല്‍ ശാശ്വതീകാനന്ദയുടെ മരണം മാത്രമല്ല തെളിയാതെ കിടക്കുന്ന മറ്റ് പല കേസുകളും തെളിയുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. അത് സ്വയം അര്‍പ്പിതമായ പ്രവര്‍ത്തനം വഴി ജേക്കബ് തോമസും ഋഷിരാജ് സിങ്ങും പൊതുസമൂഹത്തിനിടയില്‍ ആര്‍ജ്ജിച്ചെടുത്ത വിശ്വാസ്യതയാണ്.

Team Expresskerala

Top