സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു: പവന് 20,400 രൂപയായി

കൊച്ചി: സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. പവന് 80 രൂപ കൂടി 20,400 രൂപയായി. 2550 രൂപയാണ് ഗ്രാമിന്റെ വില. പവന്‍വില രണ്ട് മാസത്തിനിടെ ആദ്യമായി 20,000 രൂപയ്ക്ക് മുകളിലെത്തിയത് ഇന്നലെയാണ്. 480 രൂപ കുതിച്ചുയര്‍ന്നതോടെയാണ് പവന്‍വില വെള്ളിയാഴ്ച 20,320 നിലവാരത്തിലെത്തിയത്.

ആഗസ്ത് ആറിന് 18,720 രൂപയിലേക്ക് ഇടിഞ്ഞ പവന്‍വിലയാണ് രണ്ടാഴ്ച കൊണ്ട് 1,680 രൂപ തിരിച്ചു കയറിയത്. ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് ഇവിടെയും സ്വര്‍ണവില ഉയര്‍ന്നത്. ലണ്ടന്‍ വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് വ്യാഴാഴ്ച 18 ഡോളര്‍ കുതിച്ചുയര്‍ന്ന് 1,152 ഡോളറിലെത്തി. ഒരവസരത്തില്‍ 1,162 ഡോളറിലേക്ക് വില ഉയര്‍ന്നിരുന്നു.

ചൈന മാന്ദ്യത്തിലേക്ക് നീങ്ങുന്നതായുള്ള സൂചനകളാണ് വില ഉയരാന്‍ കാരണം. ചൈനയില്‍ വ്യാവസായിക ഉത്പാദനം റെക്കോഡ് നിലയിലേക്ക് താഴ്ന്നിട്ടുണ്ട്. ഇത് മാന്ദ്യത്തിന് വഴിവെയ്ക്കുമെന്നാണ് സൂചന. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ഇന്ത്യയില്‍ വില വര്‍ധനയ്ക്കു കാരണമായി. സ്വര്‍ണത്തിന്റെ ഇറക്കുമതി ചെലവു കൂടുന്നതിനാലാണ് ഇത്.

മുംബൈ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 490 രൂപ വര്‍ധിച്ച് 27,110 രൂപയായി. വെള്ളി വിലയും ഉയര്‍ന്നിട്ടുണ്ട്. കിലോയ്ക്ക് 36500 രൂപയില്‍ നിന്ന് 36800 രൂപയായാണ് വില ഉയര്‍ന്നത്.

Top