സ്വയം മരണം വരിക്കുന്ന ജൈനരുടെ ‘സന്താര’ ആചാരത്തിന് സുപ്രീം കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: നിരാഹാരത്തിലൂടെ മരണം വരിക്കുന്ന ജൈന മതാചാരത്തിന് സുപ്രീം കോടതി അനുമതി നല്‍കി. സന്താര എന്ന ആചാരത്തെ നിരോധിച്ച രാജസ്ഥാന്‍ ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതി വിധി. ആചാരത്തെ എതിര്‍ത്തതെന്തിനെന്ന് നാലാഴ്ചയ്ക്കുള്ളില്‍ വ്യക്തമാക്കണമെന്ന് രാജസ്ഥാന്‍ ഗവണ്‍മെന്റിന് നിര്‍ദ്ദേശവും നല്‍കി.

ആഹാരം ഉപേക്ഷിച്ചു സ്വയം മരണം വരിക്കുന്ന ജൈന ആചാരമാണ് സന്താര. സ്ഥനക്വാസി വിഭാഗക്കാരായ ജൈനമതസ്ഥരുടെ ഇടയില്‍ പ്രചാരത്തിലുള്ള ‘സന്താര’ അനുഷ്ഠിച്ച് ഓരോ വര്‍ഷവും 200 ആളുകളെങ്കിലും ജീവന്‍ വെടിയുന്നുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഈ ആചാരം നിലനില്‍ക്കുന്നത്. ആചാരത്തിന്റെ മറവില്‍ നിര്‍ബന്ധിത മരണങ്ങള്‍ ഏറുന്നതു പരിഗണിച്ചാണ് ഹൈക്കോടതി ഇതു നിരോധിച്ചത്.

ഹൈക്കോടതി വിധിയ്‌ക്കെതിരെ കഴിഞ്ഞയാഴ്ചയാണ് ജൈന സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ത്യന്‍ ആചാരങ്ങളുടെ വിജയമാണിതെന്ന് സംഘടനാ പ്രതിനിധി പ്രതികരിച്ചു. കര്‍മ്മങ്ങളില്‍നിന്ന് മോചിതരാകാനുള്ളതാണ് ആചാരമെന്നും ആത്മഹത്യയാണ് ലക്ഷ്യമെന്ന വാദം തെറ്റാണെന്നും അഖില ഭാരത് വാര്‍ഷിയ ദിഗംബര്‍ ജൈന്‍ പരിഷത്ത് അപ്പീലില്‍ പറഞ്ഞിരുന്നു.

Top