സ്വന്തം വാര്‍ഡില്‍ വെള്ളാപ്പള്ളി മൂന്നാമന്‍; ഇനി ഒരു അവകാശവാദവും വിലപ്പോവില്ല

തിരുവനന്തപുരം: തലസ്ഥാന നഗരസഭയിലടക്കം ഇടതുമുന്നണിക്ക് തൊട്ടുപിന്നില്‍ മുഖ്യ പ്രതിപക്ഷമായി മാറാന്‍ കഴിഞ്ഞ ബിജെപിയുടെ വിജയത്തിന് പിന്നില്‍ തങ്ങളുടെ പിന്തുണയാണെന്ന് ഇനി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടാല്‍ വിലപ്പോവില്ല.

കാരണം വെള്ളാപ്പള്ളി നടേശന്റെ സ്വന്തം വീടും കുടുംബക്കാരും സജീവ എസ്എന്‍ഡിപി യോഗ പ്രവര്‍ത്തകരുമൊക്കെയുള്ള സ്വന്തം തട്ടകത്തില്‍ മൂന്നാം സ്ഥാനത്തേക്കാണ് ബിജെപി-എസ്എന്‍ഡിപി യോഗം സ്ഥാനാര്‍ഥി പിന്തള്ളപ്പെട്ടിരിക്കുന്നത്.

ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഇടതുപക്ഷമാണ്. വെള്ളാപ്പള്ളിയുടെ ജില്ലയായ ആലപ്പുഴയിലും എസ്എന്‍ഡിപി യോഗത്തിന്റെ ശക്തികേന്ദ്രവും എസ്.എന്‍ ട്രസ്റ്റിന്റെ ആസ്ഥാനവുമായ കൊല്ലം ജില്ലയിലും ഇടതുപക്ഷം നേടിയ വന്‍മുന്നേറ്റം അപ്രതീക്ഷിത പ്രഹരമാണ് വെള്ളാപ്പള്ളിക്കുണ്ടാക്കിയിരിക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലും ചില മുനിസിപ്പാലിറ്റികളിലും ചില പഞ്ചായത്തുകളിലും ബിജെപി ഉണ്ടാക്കിയ മുന്നേറ്റത്തിന്റെ ക്രെഡിറ്റും ധാര്‍മ്മികമായി അവകാശപ്പെടാന്‍ ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളിക്ക് കഴിയില്ല. ഈഴവ സ്വാധീന മേഖലയേക്കാള്‍ എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയടക്കമുള്ള മേഖലകളില്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത് നായര്‍ വോട്ട് ലഭിച്ചതുകൊണ്ടാണ്.

എസ്എന്‍ഡിപി യോഗം- ബിജെപി കൂട്ടുകെട്ട് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയാവുമെന്നും അതുവഴി വന്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നുമുള്ള യുഡിഎഫ് പ്രതീക്ഷകള്‍ക്കാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.

കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വിഭിന്നമായി മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. ഇത് എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണയില്ലായിരുന്നുവെങ്കിലും സാധിക്കുമായിരുന്നുവെന്നുമാണ് ബിജെപി നേതാക്കള്‍ തന്നെ പറയുന്നത്. വെള്ളാപ്പള്ളിയുടെ മണ്ഡലത്തിലെ തോല്‍വി ഉയര്‍ത്തിക്കാട്ടി ഇടതുപക്ഷവും യുഡിഎഫും ഈ അവകാശവാദം ശരിവയ്ക്കുന്നുമുണ്ട്.

അടുത്തമാസം കേരള യാത്രയോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പദ്ധതിയിട്ട വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ മോഹത്തെയും ഇത് സാരമായി ബാധിക്കും.

സ്വന്തം വാര്‍ഡില്‍ വിജയിക്കാന്‍ പറ്റാത്ത വെള്ളാപ്പള്ളിക്കും സംഘത്തിനും എങ്ങനെ കേരളത്തില്‍ വിജയിക്കാന്‍ പറ്റുമെന്ന ചോദ്യമായിരിക്കും ഉയരുക.

എസ്എന്‍ഡിപി യോഗം അണികളില്‍ മഹാഭൂരിപക്ഷവും വെള്ളാപ്പള്ളിയുടെ നിലപാടിനൊപ്പമല്ലെന്ന പ്രചരണം ശരിവയ്ക്കുന്നതാണ് കണിച്ചുകുളങ്ങര അഞ്ചാം നമ്പര്‍ വാര്‍ഡിലെ ബിജെപി എസ്എന്‍ഡിപി സ്ഥാനാര്‍ഥിയുടെ പരാജയം.

Top