സ്റ്റൈല്‍ മന്നന്റെ വില്ലനാകാന്‍ അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗറിന്റെ പ്രതിഫലം 100 കോടി

ഷങ്കര്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എന്തിരന്‍2ല്‍ രജനീകാന്തിന്റെ വില്ലനാവുന്നത് ഹോളിവുഡിന്റെ ടെര്‍മിനേറ്റര്‍ താരം അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍. ചിത്രത്തില്‍ അഭിനയിക്കാനായി പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത് 100 കോടിരൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ തയാറായിട്ടില്ല.

രജനീകാന്തിന്റെ കഥാപാത്രത്തോളം പ്രാധാന്യം ഉള്ള വേഷമാണ് അര്‍ണോള്‍ഡിനുമെന്നാണ് പുതിയ വിവരം. വില്ലനായ റോബോട്ടിന്റെ കഥാപാത്രമാകും അര്‍ണോള്‍ഡ് അഭിനയിക്കുക എന്നും സൂചനയുണ്ട്. ചിത്രത്തിന്റെ ആദ്യപാദ ഷൂട്ടിംഗിനായി ജനുവരിയില്‍ 25 ദിവസത്തോളം അര്‍ണോള്‍ഡ് ഇന്ത്യയില്‍ ഉണ്ടാകും.

ഷങ്കറിന്റെ മുന്‍ചിത്രം ‘ഐ’യുടെ ഓഡിയോ ലോഞ്ചില്‍ അര്‍നോള്‍ഡ് പങ്കെടുത്തിരുന്നു.അന്ന് തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചതായി ശങ്കര്‍ പറഞ്ഞു. എന്തിരന്‍ 2 ന്റെ കഥ ഇഷ്ടപ്പെട്ടതിനാല്‍ ചിത്രത്തിന്റെ ഭാഗമാകാമെന്ന് ഷ്വാര്‍സ്‌നെഗര്‍ സമ്മതിക്കുകയായിരുന്നെന്ന് ശങ്കര്‍ പറഞ്ഞു.

ആമി ജാക്‌സണാണ് ചിത്രത്തില്‍ രജനിയുടെ നായികയായി എത്തുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രം ലൈക് ഇന്റര്‍നാഷണലാണ് നിര്‍മിക്കുന്നത്. ത്രി ഡിയിലായിരിക്കും എന്തിരന്‍2 വിസ്മയമാകുക.

Top