സ്റ്റെഫി ഗ്രാഫ് കേരള ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസഡറാകുന്നു

തിരുവനന്തപുരം: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം സ്റ്റെഫി ഗ്രാഫിനെ കേരളത്തിലെ ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസഡറാക്കാന്‍ തീരുമാനം.

ആയുര്‍വേദ ടൂറിസത്തിന്റെ സാധ്യതകള്‍ ഉള്‍ക്കൊണ്ട് ബന്ധപ്പെട്ട വകുപ്പുകളുടെ നിര്‍ദ്ദേശത്തേത്തുടര്‍ന്നാണ് അന്തര്‍ദേശീയ തലത്തിലെ ഒരു പ്രശസ്ത താരത്തെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്.

ആയുര്‍വേദത്തിന്റെ മഹത്വം ലോകമെമ്പാടും എത്തിക്കാന്‍ സ്‌റ്റെഫി ഗ്രാഫിന്റെ സാന്നിധ്യം ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

കേരളത്തിലെ ആയുര്‍വേദ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ സമ്മതമാണെന്ന് സ്‌റ്റെഫി നേരത്തേ അറിയിച്ചിരുന്നു. ജര്‍മന്‍ സ്വദേശിയാണ് 46കാരിയായ സ്റ്റെഫി.

കേരളത്തില്‍ മദ്യനിരോധം ഏര്‍പെടുത്തിയതോടെ വിനോദ സഞ്ചാരികളുടെ എണ്ണം വളരെ കുറഞ്ഞതാണ് സ്റ്റെഫിയെ അംബാസിഡറാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

നിലവില്‍ മികച്ച ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ കേരളത്തിനു മദ്യ നിരോധനം തിരിച്ചടിയായെന്നു കണ്ടെത്തിയിരുന്നു. പ്രതിവര്‍ഷം പത്തു ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് കേരളത്തിലെത്തിയിരുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം ഒരു കോടി കവിയും.

ടൂറിസത്തിന്റെ ഭാഗമായി ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇത് ഉപകരിക്കുമെന്നാണു വിലയിരുത്തല്‍.

Top