സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കാന്‍ സാങ്കേതികവിദ്യയുമായി സാംസങ്

ബാറ്ററിയുടെ ചാര്‍ജ് കൂടുതല്‍ നേരം നിലനിര്‍ത്താനായി ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലൂം കാര്യമായ വിജയം ഇതുവരെ സാധ്യമായിട്ടില്ല. 1991 ല്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ അവതരിപ്പിക്കപ്പെട്ടതോടെ ചാര്‍ജ്‌ശേഷി അല്പം വര്‍ധിച്ചുവെങ്കിലും സ്മാര്‍ട്‌ഫോണുകള്‍ക്ക് അത് മതിയാവാതെ വന്നു.

ഡിസ്‌പ്ലേയില്‍ അധിഷ്ഠിതമായ ടച്ച്‌സ്‌ക്രീനുകള്‍ വ്യാപകമായതോടെ എത്ര വിലകൂടിയ ഫോണിലും ഒരുദിവസത്തില്‍ കൂടുതല്‍ ചാര്‍ജ് നില്‍ക്കാതായി.

ഇപ്പോഴിതാ സാംസങിന്റെ ഗവേഷണവിഭാഗം ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗം കണ്ടെത്തിയിരിക്കുന്നു. സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ലിഥിയംഅയണ്‍ ബാറ്ററിയുടെ സ്‌റ്റോറേജ് ശേഷി ഇരട്ടിയാക്കുന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ചിരിക്കുകയാണ് കൊറിയയിലെ സാംസങ്‌സ് അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് എനര്‍ജി മെറ്റീരിയല്‍ ലാബ്.

ഈ ഗവേഷണപദ്ധതിയുടെ വിശദാംശങ്ങള്‍ ‘നേച്ചര്‍ കമ്മ്യൂണിക്കേഷന്‍’ ജേര്‍ണലാണ് പ്രസിദ്ധീകരിച്ചത്. ബാറ്ററിക്കുള്ളിലെ സിലിക്കണ്‍അയണ്‍ പാളിക്കിടയിലായി ഗ്രാഫീന്‍ പുരട്ടിയ ഒരു സിലിക്കണ്‍ പാളി കൂടി ഘടിപ്പിക്കുക എന്നതാണ് സാംസങ് ഗവേഷകര്‍ കണ്ടുപിടിച്ച വിദ്യ.

ബാറ്ററിയുടെ ഊര്‍ജക്ഷമതയും ആയുസ്സും ഇരട്ടിയാക്കാന്‍ ഈ ഗ്രാഫീന്‍ സിലിക്കണ്‍ പാളിക്ക് കഴിയുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ബാറ്ററിയുടെ വലിപ്പം കുറയ്ക്കാനും ഇത് സഹായിക്കും.

നൂറു ശതമാനം ശുദ്ധമായ കാര്‍ബണ്‍ വകഭേദത്തെയാണ് ഗ്രാഫീന്‍ എന്ന് വിളിക്കുന്നത്. നിലവിലുള്ള ലിഥിയംഅയണ്‍ ബാറ്ററികളില്ലൊം ഗ്രാഫൈറ്റ് ആണുപയോഗിക്കുന്നത്. ഗ്രാഫൈറ്റിനേക്കാള്‍ നാലിരട്ടി ഊര്‍ജക്ഷമത ഗ്രാഫീനിനുണ്ട് എന്നതിനാലാണ് അവ ഉപയോഗിക്കുന്ന ബാറ്ററിയുടെ ചാര്‍ജ് വര്‍ധിക്കുന്നത്.

ഉരുക്കിനേക്കാള്‍ നൂറിരട്ടി ശക്തിയുള്ള ഗ്രാഫീനിന് മികച്ച വൈദ്യുതചാലകശേഷിയുമുണ്ട്.

പുതിയ സാങ്കേതികവിദ്യയുടെ അവകാശമുറപ്പിക്കാന്‍ കൊറിയ, ചൈന, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലൊക്കെ സാംസങ് പേറ്റന്റ് അപേക്ഷ നല്‍കിക്കഴിഞ്ഞു.

വരും വര്‍ഷങ്ങളിലിറങ്ങുന്ന സാംസങ് സ്മാര്‍ട്‌ഫോണുകളില്‍ പുതിയ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററികളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Top