സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: നിയമസഭാ പ്രക്ഷോഭത്തിനിടെ സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കന്റോണ്‍മെന്റ് എസി സുരേഷ് കുമാറിനായിരുന്നു ഇതുവരെ അന്വേഷണ ചുമതല. തിങ്കളാഴ്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം ഫയലില്‍ ഒപ്പിട്ടു.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് ക്രൈബ്രാഞ്ചിന് കൈമാറിക്കൊണ് ഡിജിപി ഉത്തരവായിരിക്കുന്നത്. ഡയസ് തകര്‍ത്ത സംഭവത്തില്‍ അഞ്ചു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

സ്പീക്കറുടെ ഡയസ്, മൈക്ക്, കമ്പ്യൂട്ടര്‍, കസേര എന്നിവ തകര്‍ത്തതിന് പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് എടുത്ത കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സ്പീക്കര്‍ നല്‍കിയ പരാതിയില്‍ ഡയസ് തകര്‍ത്ത എംഎല്‍എമാരുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇ.പി ജയരാജന്‍, വി.ശിവന്‍കുട്ടി, കെ.ടി ജലീല്‍, കുഞ്ഞമ്മദ് മാസ്റ്റര്‍, കെ.അജിത്ത് എന്നിവരെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തിരുന്നു.

Top