സ്പീക്കറുടെ ഡയസ്സ് തകര്‍ത്ത സംഭവം: എം.എല്‍.എമാരില്‍ നിന്നും മൊഴിയെടുക്കും

Kerala-Assembly-PTI

തിരുവനന്തപുരം: ബജറ്റ് അവതരണ ദിവസം സ്പീക്കറുടെ ഡയസ്സ് തകര്‍ത്ത സംഭവത്തില്‍ ഭരണ-പ്രതിപക്ഷ എംഎല്‍എമാരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. സ്പീക്കര്‍ ഗ്യാലറിയിലും സന്ദര്‍ശന ഗ്യാലറിയിലുമുണ്ടായിരുന്നവര്‍, സാങ്കേതിക വിഭാഗത്തിലെയും മറ്റ് വിഭാഗത്തിലെയും ജീവനക്കാര്‍ എന്നിവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ഭരണപ്രതിപക്ഷ എംഎല്‍എമാരില്‍ നിന്നും മൊഴിയെടുക്കാനായി നോട്ടീസ് അയക്കുക. നിയമസഭാ സെക്രട്ടറിയുടെ മൊഴിയും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇതിനായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.

വാച്ച് ആന്റ് വാര്‍ഡ് ഉള്‍പ്പെടെ നാലുപേരുടെ മൊഴി രേഖപ്പെടുത്തി. സ്പീക്കറുടെ ഡയസ്സ് തകര്‍ത്ത ശേഷം സ്ഥലത്തെ പരിശോധന നടത്തിയ ഫൊറന്‍സിക് വിദ്ഗ്ദ ഡോ.റാഹിലയുടെയും സംഘത്തിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്റെയും രണ്ട് വാച്ച് ആന്റ് വാര്‍ഡും ഉള്‍പ്പെടെ നാലുപേരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

കന്റോണ്‍മെന്റ് അസി.കമ്മീഷണര്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് വീണ്ടും തെളിവെടുപ്പുണ്ട്. നശിപ്പിച്ച ഉപകരണങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വീഡിയോ ദൃശ്യങ്ങളും പൊലീസ് സംഘം ചോദിച്ചിട്ടുണ്ട്. നശിപ്പിച്ച ഉപകരങ്ങള്‍ തൊണ്ടുമുതലായി പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു.

അതേസമയം എല്‍ഡിഎഫ് ഉപരോധത്തിനിടെ സിഐ ഷീന്‍ തറയിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. അക്രമസരമങ്ങള്‍ നടക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിക്കാതിരിക്കാനായി വൈദ്യുബന്ധം വിച്ഛേദിച്ചതായി വ്യക്തമായിട്ടുണ്ട്.

Top