സ്ത്രീ സുരക്ഷയുടെ ഭാഗമായി പുതിയ സംവിധാനങ്ങളൊരുക്കി ഇന്ത്യൻ റെയിൽവേ

സ്റ്റേഷനുകളിൽ കൂടുതൽ സ്ത്രീ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി റെയിൽവേ മന്ത്രാലയം രാജ്യത്തുടനീളമുള്ള സ്റ്റേഷനുകളിൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) അടിസ്ഥാനമാക്കിയുള്ള വീഡിയോ നിരീക്ഷണ സംവിധാനം (വിഎസ്എസ്) സ്ഥാപിച്ചു തുടങ്ങി. നിർഭയ ഫണ്ടിന് കീഴിലാണ് ഈ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന കേന്ദ്ര ഗവൺമെന്റ് പൊതുമേഖലാ സ്ഥാപനമായ (പിഎസ്യു) റെയിൽടെല്ലിനെയാണ് ഇതിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പ്രധാന 756 സ്റ്റേഷനുകളെ എ1, എ, ബി, സി, ഡി എന്നിങ്ങനെ തിരിച്ചായിരിക്കും പദ്ധതി തീർക്കുന്നത്. 2023 ജനുവരിയിൽ ഇത് പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

“ഗതാഗതത്തിന്റെ പ്രധാന കേന്ദ്രങ്ങളായ റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി, ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകളിൽ, അതായത് വെയിറ്റിംഗ് ഹാളുകളിൽ, റിസർവേഷൻ കൗണ്ടറുകളിൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) അടിസ്ഥാനമാക്കിയുള്ള വീഡിയോ നിരീക്ഷണ സംവിധാനം (വിഎസ്എസ്) സ്ഥാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. പാർക്കിംഗ് ഏരിയകൾ, പ്രധാന കവാടം/ എക്സിറ്റ്, പ്ലാറ്റ്ഫോമുകൾ, ഫുട്ട് ഓവർ ബ്രിഡ്ജുകൾ, ബുക്കിംഗ് ഓഫീസുകൾ മുതലായ ഇടങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്.” എന്ന് റെയിൽവേ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നുണ്ട്.

Top