സോളാര്‍,ബാര്‍കോഴ ബിജെപിക്ക് ആയുധം; ഉമ്മന്‍ചാണ്ടിയും മാണിയും പരുങ്ങലില്‍ ?

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ രാജിയാവശ്യപ്പെട്ട് പര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ കേരളത്തിലെ സോളാര്‍, ബാര്‍ കോഴക്കേസുകള്‍ ബി.ജെ.പി ആയുധമാക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ധനമന്ത്രി കെ.എം മാണിയുടെയും രാജിയിലേക്ക് വഴിതെളിക്കാന്‍ സാധ്യത.

സാമ്പത്തിക ക്രമക്കേട് നടത്തിയ ഐ.പി.എല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ചതിനാണ് കോണ്‍ഗ്രസ് സുഷമയുടെ രാജിയാവശ്യപ്പെട്ട് പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത്.

വ്യാപം അഴിമതിയിലും ദുരൂഹമരണത്തിലും മധ്യപ്രദേശ് മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍, ലളിത് മോഡിക്ക് വഴിവിട്ടു സഹായം ചെയ്തതിന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യ എന്നിവരുടെ രാജിയാവശ്യപ്പെട്ടും കോണ്‍ഗ്രസ് പ്രക്ഷോഭത്തിലാണ്.

ഇതിനെ ചെറുക്കാനാണ് സോളാര്‍, ബാര്‍ കോഴക്കേസ് ആയുധമാക്കിയത്. സുഷമ സ്വരാജും രാജസ്ഥാന്‍, മധ്യപ്രദേശ് മുഖ്യമന്ത്രിമാരും രാജിവയ്ക്കാന്‍ തയ്യാറായാല്‍ ഉമ്മന്‍ചാണ്ടിയെയും കെ.എം മാണിയെയും രാജിവെപ്പിക്കാം എന്നു കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാടെടുക്കാനും മടിക്കില്ലെന്നാണ് സൂചന.

ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണിയെ പകരക്കാരനായി അവരോധിക്കാനാണ് സാധ്യത. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ഈ നിലപാടാണ്.

കെ.എം മാണിയെ ധനമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയാല്‍ കേരള കോണ്‍ഗ്രസിന് കടുത്ത തീരുമാനത്തിലേക്കു നീങ്ങാനാവില്ല. ബാര്‍ കോഴ ആരോപണക്കുരുക്കിലുള്ള മാണിയെ സ്വീകരിക്കാന്‍ ഇടതുപക്ഷം തയ്യാറാകില്ല. ഇതോടെ അതൃപ്തി പ്രകടിപ്പിച്ച് യു.ഡി.എഫില്‍ തന്നെ മാണിക്ക് തുടരേണ്ടിവരും.

സോളാര്‍, ബാര്‍ കോഴക്കേസ് ബി.ജെ.പി ദേശീയ വിഷയമാക്കി ഉയര്‍ത്തിയതോടെ ഉമ്മന്‍ചാണ്ടിയെ നീക്കി മുഖ്യമന്ത്രിയാകാന്‍ കളിക്കുന്ന ആഭ്യന്തരമന്ത്രി ചെന്നിത്തലയും ‘ഐ’ ഗ്രൂപ്പും രഹസ്യനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയെയും മാണിയെയും നീക്കി ബി.ജെ.പിക്ക് തിരിച്ചടി നല്‍കണമെന്ന നിലപാട് ‘ഐ’ ഗ്രൂപ്പ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ അറിയിച്ചിട്ടുണ്ട്.

Top