സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായ മൊഴിയിലുറച്ച് ശ്രീധരന്‍ നായര്‍

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ നല്‍കിയ മൊഴിയിലുറച്ച് പരാതിക്കാരനായ ശ്രീധരന്‍ നായര്‍. സോളാര്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സരിതയക്കും ജോപ്പനുമൊപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ജൂലൈ മാസം ഒന്‍പതാം തിയതി വൈകീട്ടായിരുന്നു മുഖ്യമന്ത്രിയെ കാണാനെത്തിയത്. ജോപ്പന്റെ സഹായത്തോടെ സെക്രട്ടറിയേറ്റിലെത്തിയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയും സരിതയും സംസാരിച്ചത് ചിര പരിചിതരെപ്പോലെയാണെന്നും ശ്രീധരന്‍ നായര്‍ മൊഴി നല്‍കി.

നിങ്ങളെപ്പോലുള്ളവര്‍ ഈ രംഗത്തേയ്ക്ക് കടന്നുവരണമെന്നും സബ്‌സിഡിയുള്‍പ്പടെ എല്ലാ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. തിരിച്ചുപോരാന്‍ നേരത്ത് 2 ലക്ഷം രൂപയുടെ ഡിഡി സരിത മുഖ്യമന്ത്രിയ്ക്ക് നല്‍കി. ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുകയാണെന്നാണ് സരിത പറഞ്ഞത്. വ്യവസായ വകുപ്പ് മന്ത്രിയെ കാണാമെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം ഓഫീസിലില്ലാത്തതിനാല്‍ അദ്ദേഹത്തെ കാണാനാകാതെ മടങ്ങുകയായിരുന്നു.

Top