സോളാര്‍ ‘കവചം’; നാല് വര്‍ഷം കഴിഞ്ഞിട്ടും പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിക്ക് മാറ്റമില്ല

കൊച്ചി: സോളാര്‍ കേസില്‍ സരിത എസ്.നായരെ അറസ്റ്റ് ചെയ്ത ഡി.വൈ.എസ്.പിക്ക് നാല് വര്‍ഷം കഴിഞ്ഞിട്ടും സ്ഥാനചലനമില്ല.

ക്രമസമാധാന ചുമതലയില്‍ ഇരിക്കുന്ന ഓഫീസറെ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഒരേ സ്ഥലത്ത് തുടരാന്‍ അനുവദിക്കരുതെന്ന നിയമം അട്ടിമറിച്ചാണ് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഹരികൃഷ്ണനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.

18-7-2011-നാണ് ഹരികൃഷ്ണനെ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയായി നിയമിക്കുന്നത്. ഇത്രയും കാലയളവിനുള്ളില്‍ നിരവധി തവണ എസ്.പി അടക്കമുള്ള ഉന്നതരും ജൂനിയറുമായ ഉദ്യോഗസ്ഥര്‍ സ്ഥലംമാറിയിട്ടും പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിക്ക് മാത്രം ആഭ്യന്തര വകുപ്പ് സ്ഥലംമാറ്റം ബാധകമാക്കിയില്ല.

ഉന്നത രാഷ്ട്രീയ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വരെ ലഭിക്കാത്ത ആനുകൂല്യമാണ് ഇവിടെ ഹരികൃഷ്ണന് ലഭിച്ചത്. ഇത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലടക്കം കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. കച്ചവടക്കണ്ണുള്ള ഉദ്യോഗസ്ഥരെ സംബന്ധിച്ച് ‘സ്വര്‍ണ്ണഖനി’യാണ് പെരുമ്പാവൂര്‍ സബ് ഡിവിഷന്‍.

സോളാര്‍ കേസില്‍ സരിതാ നായരെ അറസ്റ്റ് ചെയ്തതും ലാപ്‌ടോപ്പ് അടക്കമുള്ള തൊണ്ടിമുതല്‍ കസ്റ്റഡിയിലെടുത്തതും ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്.

ഉന്നതരുടെ ദൃശ്യങ്ങളടക്കമുള്‍ക്കൊള്ളുന്നവയായിരുന്നു ഈ തൊണ്ടിമുതലെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്ന വാര്‍ത്ത.

വാട്‌സ് ആപ്പിലൂടെ പ്രചരിച്ച സരിതാ നായരുടെ വിവാദ ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പിലും മൊബൈലിലും ഉണ്ടായിരുന്നതാണെന്ന് പറഞ്ഞ് സരിത ഡി.ജി.പിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

തൊണ്ടിമുതലില്‍പ്പെട്ട ചില മൊബൈലുകളും ലാപ്‌ടോപ്പും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്ന ഗുരുതരമായ ആക്ഷേപവും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ സരിത ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അന്ന് എറണാകുളം റേഞ്ച് ഐ.ജിയായിരുന്ന പത്മകുമാറിന്റെ ‘ഇടപെടല്‍’ പരാമര്‍ശിച്ച് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയുമാണ്.

സോളാര്‍ കമ്മീഷനില്‍ എ.എൈ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ.രാജന്‍ നല്‍കിയ മൊഴിയില്‍ സോളാര്‍ കേസ് അട്ടിമറിച്ചതിന്റെ പ്രത്യുപകാരമായാണ് ഹരികൃഷ്ണന്‍ കാലാവധി കഴിഞ്ഞിട്ടും പെരുമ്പാവൂരില്‍ തുടരുന്നതെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

എറണാകുളം ഐ.ജിയായിരുന്ന പത്മകുമാറിന് പ്രമോഷന്‍ ലഭിച്ചപ്പോള്‍ സീനിയര്‍ എ.ഡി.ജി.പിമാരെ അവഗണിച്ച് സൗത്ത് സോണില്‍ നിയമനം നല്‍കിയതിലെ ഉദ്ദേശ്യശുദ്ധിയും എ.ഐ.വൈ.എഫ് സെക്രട്ടറിയുടെ ഹര്‍ജിയില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.

സോളാര്‍ കേസില്‍ ഡി.വൈ.എസ്.പി ഹരികൃഷ്ണന്റെയും എ.ഡി.ജി.പി പത്മകുമാറിന്റെയും മൊഴി കമ്മീഷന്‍ ഇനിയും രേഖപ്പെടുത്തിയിട്ടില്ല.

കേസ് അന്വേഷണത്തിന് നേതൃത്വം കൊടുത്ത ഡി.വൈ.എസ്.പിയുടെയും ഐ.ജിയുടെയും കയ്യില്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്ന തെളിവുകള്‍ ഉള്ളതിനാലാണ് ഇവര്‍ക്ക് സര്‍ക്കാര്‍ ‘പ്രത്യേക പരിഗണന’ നല്‍കുന്നതെന്നാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ആക്ഷേപം.

Top