സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ ജയില്‍ രജിസ്റ്ററില്‍ ഗുരുതര തിരുത്തലുകള്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ അട്ടക്കുളങ്ങര വനിതാ ജയില്‍ രജിസ്റ്ററില്‍ ഗുരുതരമായ തിരുത്തലുകളെന്ന് പരാതി. അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടാണ് കമ്മീഷന് മുമ്പാകെ രജിസ്റ്റര്‍ ഹാജരാക്കിയത്. സംഭവത്തില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി.

ജയില്‍ രജിസ്റ്ററില്‍ സരിതയുടെ അമ്മയും ബന്ധുവും വന്ന സമയമാണ് തിരുത്തിയിരിക്കുന്നത്. സരിതയുടെ മൊഴിമാറ്റത്തിന് തലേന്നായിരുന്നു സന്ദര്‍ശനം. രജിസ്റ്ററിലെ പേജുകള്‍ ഇളക്കി മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

സന്ദര്‍ശകരെ നിശ്ചിത സമയത്തിനു മുമ്പും ശേഷവും സരിതയെ കാണാന്‍ അനുവദിച്ചതിനും തെളിവ് ലഭിച്ചു. അഭിഭാഷകരായ ഫെനി ബാലകൃഷ്ണനും ബാഹുലേയനും സരിതയെ സന്ദര്‍ശിച്ച സമയം വൈറ്റ്‌നര്‍ ഉപയോഗിച്ചു തിരുത്തിയതായി കണ്ടത്തി. ബന്ധു ആദര്‍ശ് തിരിച്ചറിയല്‍ രേഖ ഹാജരാക്കാതെയാണ് ജയിലില്‍ സന്ദര്‍ശനം നടത്തിയത്.

സരിത മൊഴിമാറ്റിയതിനു തൊട്ടുമുമ്പുള്ള ദിവസം ജയില്‍ ഡിജിപിയും അട്ടക്കുളങ്ങര ജയില്‍ സന്ദര്‍ശിച്ചിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ജയില്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണു ജയില്‍ സന്ദര്‍ശനം നടത്തിയതെന്നായിരുന്നു ഡിജിപി വിശദീകരിച്ചത്. എന്നാല്‍ കമ്മീഷന്‍ ജയില്‍ സന്ദര്‍ശിച്ചിരുന്നില്ല. തെളിവുകള്‍ സൂക്ഷിക്കുന്നതില്‍ പിഴവു പറ്റിയെന്ന് സോളാര്‍ കമ്മീഷന്‍ നിരീക്ഷിച്ചു.

Top