സോണി എക്‌സ്പീരിയ സെഡ്3 പ്ലസ് ഇന്ത്യന്‍ വിപണിയില്‍

സോണിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ സ്മാര്‍ട്‌ഫോണ്‍ എക്‌സ്പീരിയ സെഡ്3പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സെഡ്3 പ്ലസിന് 55,990 രൂപയാണ് വില. ഇപ്പോള്‍ വില്പന തുടരുന്ന എക്‌സ്പീരിയ സെഡിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്.

1080X1920 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ 5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി. സ്‌ക്രീനുണ്ട് ഫോണില്‍. കടുത്ത പുറംവെളിച്ചത്തില്‍ പോലും സ്‌ക്രീനിന്റെ വ്യക്തത ഒട്ടും കുറയ്ക്കാത്ത അഡാപ്റ്റീവ് ഡിസ്‌പ്ലേ ടെക്‌നോളജിയുള്ള സ്‌ക്രീനാണിത്. പിക്ചര്‍ ഡിസ്‌പ്ലേയുടെ കാര്യത്തില്‍ സോണി ഗാഡ്ജറ്റുകള്‍ക്കുള്ള മേല്‍ക്കൈ ഈ ഫോണിലും നിലനിര്‍ത്താന്‍ കമ്പനിക്കായിട്ടുണ്ട്.

ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗന്‍ 810 എസ്.ഒ.സി. ഒക്ടാകോര്‍ പ്രൊസസര്‍ (ഒന്നര ഗിഗാഹെര്‍ട്‌സിന്റെയും രണ്ട് ഗിഗാഹെര്‍ട്‌സിന്റെയും ക്വാഡ്‌കോര്‍ പ്രൊസസറുകള്‍ ചേരുന്നതാണിത്), മൂന്ന് ജി.ബി. റാം, അഡ്രിനോ 430 ഗ്രാഫിക് സൊല്യൂഷന്‍, 32 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണ് സെഡ്3 പ്ലസിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍. ഇന്റേണല്‍ മെമ്മറി പോരെന്നു തോന്നുന്നവര്‍ക്ക് എസ്.ഡി. കാര്‍ഡ് സൗകര്യവുമുണ്ട്.

കണക്ടിവിറ്റിക്കായി 4ജി എല്‍.ടി.ഇ., 3ജി, ജി.പി.എസ്./എ.ജി.പി.എസ്., വൈഫൈ വിത്ത് ഹോട്ട്‌സ്‌പോട്ട്, ഗ്‌ളോനാസ്, മൈക്രോയു.എസ്.ബി., ഡി.എല്‍.എന്‍.എ., എന്‍.എഫ്.സി. തുടങ്ങി എല്ലാ സംവിധാനങ്ങളും സെഡ്3 പ്ലസ് വാഗ്ദാനം ചെയ്യുന്നു.

എഫ്/2.0 അപ്പര്‍ച്ചര്‍ ശേഷിയുള്ള 20.7 മെഗാപിക്‌സല്‍ പിന്‍ക്യാമറയും എഫ്/2.4 അപ്പര്‍ച്ചര്‍ ശേഷിയുളള അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. സെഡ് നിരയില്‍ മുമ്പിറങ്ങിയ ഫോണുകള്‍ക്കെല്ലാമുള്ള ജല, പൊടി പ്രതിരോധശേഷി സെഡ് 3 പ്ലസിനുമുണ്ട്. എത്ര ആഴത്തിലുള്ള വെള്ളത്തില്‍ മുക്കിപ്പിടിച്ചാലും ഫോണില്‍ ഒരു തുള്ളി വെള്ളം കയറില്ലെന്ന് സോണി അവകാശപ്പെടുന്നു.

2930 എം.എ.എച്ച്. ബാറ്ററിയാണ് ഈ ഫോണിനുള്ളില്‍. 45 മിനുട്ട് കൊണ്ട് ഫോണ്‍ ഫുള്‍ചാര്‍ജ് ആകുന്ന പുത്തന്‍ സാങ്കേതികവിദ്യയും ഇതിലുണ്ടെന്ന് സോണി പറയുന്നു. തുടര്‍ച്ചയായ രണ്ടുദിവസത്തെ ബാറ്ററി ആയുസും ഈ േഫാണിന്‌ േസാണി അവകാശപ്പെടുന്നുണ്ട്.

കറുപ്പ്, പച്ച, വെള്ള, ചെമ്പ് നിറങ്ങളിലെത്തുന്ന ഫോണിന്റെ വില്പന ഓണ്‍ലൈന്‍ സൈറ്റുകളില്‍ തുടങ്ങിക്കഴിഞ്ഞു.

Top