സോണിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഓഗസ്റ്റ് 28 ന് പൂട്ടുന്നു

ജപ്പാന്‍ കമ്പനി സോണിയുടെ ഓണ്‍ലൈന്‍ സ്റ്റോറും പൂട്ടുന്നു. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ്, ഗെയിംസ് ഉപകരണങ്ങള്‍, ടിവി, ക്യാമറ, ഹോം തിയേറ്റര്‍ ഉപകരണങ്ങള്‍ എന്നിവയെല്ലാം ഏറ്റവും കൂടുതല്‍ വില്‍പന നടന്നിരുന്ന ഓണ്‍ലൈന്‍ സ്റ്റോറാണ് ഓഗസ്റ്റ് 28 നു പൂട്ടുന്നത്.

ഓണ്‍ലൈന്‍ വഴി വിവിധ ഉല്‍പന്നങ്ങള്‍ വേണ്ടവര്‍ ഓഗസ്റ്റ് 28നകം വാങ്ങണമെന്നും പിന്നീട് ലഭിക്കില്ലെന്നും സോണി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. store.sony.com പേജിലെ സേവനങ്ങള്‍ ഓഗസ്റ്റ് 28ന് പ്രാദേശിക സമയം വൈകീട്ട് നാലു വരെ ലഭിക്കും.

ഇക്കാര്യം വ്യക്തമാക്കി ഓണ്‍ലൈന്‍ സ്റ്റോര്‍ ഉപഭോക്താക്കള്‍ക്കെല്ലാം സോണി ഇമെയില്‍ അയച്ചിട്ടുണ്ട്. എന്നാല്‍ സ്റ്റോര്‍ പൂട്ടുന്നതിനുള്ള വ്യക്തമായ കാരണം കമ്പനി അധികൃതര്‍ പറയുന്നില്ല. അതേസമയം, പുതിയ ഓണ്‍ലൈന്‍ വില്‍പന കേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗയാണിതെന്നും സൂചനയുണ്ട്.

ആപ്പിള്‍, സാംസങ് കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെയാണ് സോണി വിപണിയില്‍ നിന്നു പിന്‍മാറുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ പാദത്തിലെ കണക്കുകള്‍ പ്രകാരം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നിന്നുള്ള സോണിയുടെ വരുമാനം 16.3 ശതമാനം കുറഞ്ഞിട്ടുണ്ട്. പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കി ബ്രാന്‍ഡ് സജീവമായി നിലനിര്‍ത്താന്‍ സോണിക്ക് സാധിക്കുന്നില്ല.

സ്മാര്‍ട്ട്‌ഫോണ്‍, ടെലിവിഷന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങാന്‍ നേരത്തെ തന്നെ സോണി തീരുമാനിച്ചിരുന്നു. ഇനി ക്യാമറ സെന്‍സര്‍, പ്ലേസ്‌റ്റേഷന്‍, വിനോദം എന്നീ മേഖലകളില്‍ സജീവമാകാനാണ് തീരുമാനം. ഒരു കാലത്ത് ടെലിവിഷന്‍ വിപണിയിലെ ട്രന്റായിരുന്നു സോണി.

Top