സൈബര്‍ ലോകത്ത് പിടിമുറുക്കുന്ന മലയാള തനിമ

കോഴിക്കോട്: മലയാളത്തിന്റെ മനസ് കംപ്യൂട്ടറിലേക്ക് ആവാഹിക്കുന്ന ‘ഐലേസയുടെ’ പുതിയ രൂപം ശ്രദ്ധേയമാകുന്നു. മലയാളം മാത്രം ഉപയോഗിച്ചുള്ള ആശയ വിനിമയമാണ് ഈ സൈറ്റിനെ വ്യത്യസ്തമാക്കുന്നത്.

ഗൂഗിള്‍ ട്രാന്‍സിലിറ്ററേറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇംഗ്ലീഷിനെ മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന പരീക്ഷണം ഇതിനകം തന്നെ വിജയമായിട്ടുണ്ട്. ഫേസ്ബുക്ക്,ട്വിറ്റര്‍,ഗൂഗിള്‍ പ്ലസ് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കാണ് ഐലേസ വഴി മലയാള പരിവര്‍ത്തനം സംഭവിക്കുന്നത്.

ഓരോ വ്യക്തിക്കും അവരുടെ അഭിരുചിക്കനുസരിച്ച് കൂട്ടായ്മ സൃഷ്ടിക്കാനും ഇഷ്ടമുള്ള ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനും പുതിയ സാങ്കേതികവിദ്യ വഴി കഴിയും. ഉപയോഗിക്കുന്നവര്‍ക്ക് യഥേഷ്ടം വിപുലപ്പെടുത്താന്‍ പറ്റുന്ന തരത്തിലാണ് ഇതിന്റെ സംവിധാനം.

പ്രായഭേദമന്യേ പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാനും സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനും ‘ഐലേസ’യില്‍ വേദിയുണ്ട്. സമഗ്രമായ ഇംഗ്ലീഷ് – മലയാളം നിഘണ്ടുവും ഇതോടൊപ്പം ഉണ്ട്. പുതിയ രൂപത്തില്‍ വരുന്ന ഐലേസക്ക് കൂട്ടായ സ്മൃതി പഥങ്ങള്‍,വാര്‍ത്തകള്‍ എന്നിവയുമുണ്ട്.

റെജോ ജോര്‍ജ്ജ്,സാഗിഷ് തച്ചുകുഴിയില്‍,വിപിന്‍,ആല്‍ബിന്‍ കെ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് 2008ല്‍ രൂപം കൊടുത്ത ഈ സൈറ്റ് പിന്നീട് ഷെണി ഐസക്ക്,ആദര്‍ശ് കുമാര്‍ എന്നിവരുടെ സഹായത്തോടെ വിപുലപ്പെടുത്തുകയായിരുന്നു. ഡിസൈന്‍ സാങ്കേതിക രംഗത്ത് ഷരുന്‍ ദാസ്, അര്‍ച്ചന മുരളി, ജിതീഷ് കോരോത്ത്, സജീറ എന്നിവരും സജീവമാണ്.

ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളേക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്യാനും സംവാദത്തിനും ഐലേസയ്ക്ക് വേദിയുണ്ട്. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഫേസ്ബുക്ക് ലിങ്കുകള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കാം. പൊതുജനാഭിപ്രായം രേഖപ്പെടുത്താനും എതെങ്കിലും പരിപാടികള്‍ മറ്റുള്ളവരെ അറിയിക്കാനും അവരെ അതിലേക്ക് ക്ഷണിക്കാനും അവസരമുണ്ട്. ഫേസ്ബുക്ക് ,ഗൂഗിള്‍ പ്ലസ് തുടങ്ങിയ സൈറ്റുകളിലുള്ള നിങ്ങളുടെ സുഹൃത്തുക്കളെ ഐലേസയിലേക്ക് ക്ഷണിക്കുന്നതിന് പ്രത്യേക ലിങ്കുമുണ്ട്. പേജ് സന്ദര്‍ശിക്കാനായി:http://www.ileza.com/base/home

Top