സൈന നെഹ്‌വാളിനെ പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനെ് പദ്മഭൂഷണ്‍ പുരസ്‌കാരത്തിന്  കേന്ദ്ര കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തു. തന്നെ തഴഞ്ഞതില്‍ സൈന കഴിഞ്ഞദിവസം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

പദ്മഭൂഷണ്‍ അവാര്‍ഡിന് പരിഗണിക്കുന്നതിനായി സൈന നെഹ്‌വാള്‍ നല്‍കിയ അപേക്ഷ കായിക മന്ത്രാലയം നേരത്തെ തള്ളിയിരുന്നു. പകരം ഒളിമ്പിക് മെഡല്‍ ജേതാവും ഗുസ്തി താരവുമായ സുശീല്‍ കുമാറിന്റെ പേരാണ് കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തത്.നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പദ്മഭൂഷണ്‍ അവാര്‍ഡിനുള്ള സൈനയുടെ അപേക്ഷ കായിക മന്ത്രാലയം തള്ളിയത്.

2010 ല്‍ സൈനയെ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും അപേക്ഷ നല്‍കി.എന്നാല്‍ ഒരു പദ്മ അവാര്‍ഡ് കിട്ടി അഞ്ചുവര്‍ഷത്തിനുശേഷം മാത്രമേ അടുത്തത് നല്‍കാവൂ എന്ന നിയമം ചൂണ്ടികാട്ടി അപേക്ഷ തള്ളുകയായിരുന്നു.  അതേസമയം 2011 ല്‍ പദ്മശ്രീ അവാര്‍ഡ് നല്‍കിയ സുശീല്‍ കുമാറിന്റെ പേര് ഇത്തവണ പദ്മഭൂഷണ്‍ അവാര്‍ഡിന് ശുപാര്‍ശ ചെയ്യപ്പെടുകയും ചെയ്തു. അങ്ങനെയെങ്കില്‍ സുശീല്‍ കുമാറിന് നിയമം ബാധകമല്ലേയെന്ന് സൈന ചോദിച്ചിരുന്നു.

2012 ല്‍ ഒളിമ്പിക് മെഡല്‍ നേടിയ സൈന കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസിലും അവാര്‍ഡ് നേടിയിരുന്നു. ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് സൈന ഇപ്പോള്‍.

Top