സേവന മേഖല പിഎംഐ താഴ്ന്ന നിരക്കില്‍

മുംബൈ: രാജ്യത്തെ സേവന മേഖല പിഎംഐ താഴ്ന്ന നിരക്കില്‍. എച്ച്എസ്ബിസി സര്‍വ്വേയിലാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഉള്ളത്. ഒക്ടോബറിലെ സേവന മേഖല പിഎംഐ 50.0 ശതമാനമായാണ് കുറഞ്ഞത്. സെപ്തംബറിലെ സര്‍വ്വീസ് പിഎംഐ 51.6 ശതമാനമായിരുന്നു. വ്യാപാര കരാറുകളിലുണ്ടായ കുറവാണ് സൂചികയെ ബാധിച്ചത്.

കഴിഞ്ഞ ദിവസം ഉത്പാദന നിര്‍മ്മാണ മേഖല പിഎംഐ സൂചിക എച്ച്എസ്ബിസി പുറത്ത് വിട്ടിരുന്നു. ഉത്പാദന മേഖല വളര്‍ച്ചയുടെ പാതയിലാണെന്നായിരുന്നു പി എം ഐ സൂചിക വ്യക്തമാക്കിയിരുന്നു. ഒന്‍പത് മാസത്തെ താഴ്ന്ന നിരക്കിന് ശേഷമായിരുന്നു ഉത്പാദന മേഖലാ പിഎംഐ സൂചിക വളര്‍ച്ച രേഖപെടുത്തിയത്.

അടുത്ത വര്‍ഷത്തോടെ മികച്ച വളര്‍ച്ച കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍വ്വീസ് മേഖലയിലെ കമ്പനികള്‍. 50 ല്‍ താഴെയുള്ള പിഎംഐ വളര്‍ച്ചാ മുരടിപ്പും 50 ന് മുകളിലുള്ള പിഎംഐ മികച്ച വളര്‍ച്ചാ നിരക്കുമാണ് സൂചിപ്പിക്കുന്നത്. സേവന മേഖലയിലുള്ള കമ്പനികളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് സൂചിക നിശ്ചയിക്കുന്നത്.

Top