സെമി ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുമായി മാരുതി വാഗണ്‍ ആര്‍ മോഡല്‍

മാരുതി വാഗണ്‍ ആര്‍ മോഡലില്‍ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കുന്ന പരിപാടികള്‍ ഊര്‍ജിതമായി നടക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെമി ഓട്ടോമാറ്റിക് വാഗണ്‍ ആറിനെ ടെസ്റ്റ് ചെയ്യാനാരംഭിച്ചിട്ടുണ്ട്.

പുതിയ ഗിയര്‍ബോക്‌സ് ഘടിപ്പിക്കുന്നതോടെ വാഗണ്‍ ആറിന്റെ വില്‍പന ഇനിയും കൂടുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറുകളിലൊന്നാണ് വാഗണ്‍ ആര്‍.

സാധാരണ കാറുകളിലെപ്പോലെ ക്ലച്ച് പെഡല്‍ ഈ സംവിധാനത്തിലില്ല. ആക്‌സിലറേറ്റര്‍ കൊടുക്കുന്നതിനനുസൃതമായി എന്‍ജിന്‍ ആര്‍പിഎം തിരിച്ചറിഞ്ഞ് ക്ലച്ച് പ്ലേറ്റ് എന്‍ജിനുമായി സ്വയം സമ്പര്‍ക്കത്തില്‍ വരുന്ന തരത്തിലാണ് ഈ സാങ്കേതികത. ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്നതും വാഹനത്തിന്റെ ആര്‍പിഎമ്മും മറ്റും തിരിച്ചറിയുന്ന ഒരു സെന്‍സര്‍ മുഖാന്തിരമാണ് ഇത് സാധിക്കുക.

ഈ ക്ലച്ച് സംവിധാനം ഹൈഡ്രോളിക് ആണ്. സെന്‍സറുകള്‍ നല്‍കുന്ന വിവരങ്ങളെ ആസ്പദമാക്കി ഹൈഡ്രോളിക് സംവിധാനം പ്രവര്‍ത്തിക്കുന്നു. ഗിയര്‍ മുകളിലേക്കും താഴേക്കും നീക്കുന്നതിനെ കൃത്യമായി തിരിച്ചറിഞ്ഞ് ആവശ്യമായ ക്ലച്ച് സമ്പര്‍ക്കം മാത്രം നടപ്പിലാക്കുന്നു. ഈ കൃത്യത മാന്വല്‍ ക്ലച്ച് സംവിധാനത്തില്‍ ഒട്ടൊക്കെ ആസാധ്യമാണെന്നു തന്നെ പറയാം.

സാധാരണ പതിപ്പിനെക്കാള്‍ ചെറിയ വിലക്കൂടുതല്‍ സെമി ഓട്ടോമാറ്റിക് വാഗണ്‍ ആറിനുണ്ടായിരിക്കും. 30,000 മുതല്‍ 35,000 രൂപവരെ വിലക്കൂടുതല്‍ വാഹനത്തിന് പ്രതീക്ഷിക്കാവുന്നതാണ്.

Top