സെന്‍കുമാറിന് അര്‍ഹതക്കുള്ള അംഗീകാരം; തകര്‍ന്നത് ഐപിഎസ് ക്രിമിനലിന്റെ നീക്കം

പുതിയ സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനാകുന്ന ടി.പി സെന്‍കുമാറിന് അഭിനന്ദനങ്ങള്‍.

അഴിമതിക്കാരും ക്രിമിനലുകളുമായ ഉദ്യോഗസ്ഥരുടെ ചെയ്തികള്‍കൊണ്ട് മുഖം നഷ്ടപ്പെട്ട കേരള പൊലീസിന് സെന്‍കുമാറിന്റെ സ്ഥാനാരോഹണം പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

എന്നും പീഡിപ്പിക്കപ്പെട്ടവന്റെ ഒപ്പം നിന്ന ചരിത്രമുള്ള സെന്‍കുമാര്‍ സംസ്ഥാന പൊലീസ് ചീഫ് ആകുന്നത് നീതി തേടുന്ന സമൂഹത്തിന്റെ കണ്ണീരൊപ്പാന്‍ ഒരു പരിധിവരെ സഹായകരമാകും.

ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളുടെ പിന്‍തുണയില്‍ തന്ത്രപ്രധാനമായ പദവികളിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് പൊലീസിന്റെ വിശ്വാസ്യത തകര്‍ക്കുന്ന പ്രവര്‍ത്തികള്‍ തുടര്‍ക്കഥയാക്കുന്നത്.

ഏതാനും ദിവസം മുന്‍പ് മണല്‍ ലോബിക്കെതിരെ കര്‍ക്കശ നടപടി സ്വീകരിച്ച എസ്.ഐയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി മര്‍ദ്ദിച്ച് വലിച്ചെറിയാന്‍ ക്രമിനലുകള്‍ക്ക് ധൈര്യം പകര്‍ന്നതും ഈ ഉന്നത ബന്ധങ്ങളാണ്. ശക്തമായ ഒരു പൊലീസ് സാന്നിധ്യം ഇന്ന് സംസ്ഥാനത്ത് ഓര്‍മ്മകള്‍ മാത്രമാണ്.

ഏറെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും കെ.ജെ ജോസഫ് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന കാലഘട്ടത്തില്‍ പൊലീസ് സേന ഏറെ കരുത്തുറ്റതും ക്രമിനലുകള്‍ക്ക് പേടിസ്വപ്നവുമായിരുന്നു.

പൊലീസ് ഭരണത്തില്‍ ഭരണത്തിന്റെ ഹുങ്ക് വച്ച് ഇടപെടാന്‍ മുഖ്യമന്ത്രിയുടെ അടുത്ത അനുയായികള്‍ക്ക് പോലും അന്ന് കഴിഞ്ഞിരുന്നില്ല.

നീതി ലഭിക്കാന്‍ ശുപാര്‍ശയുടെ ആവശ്യമില്ലെന്ന അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ നിലപാട് തന്നെയാണ് കെ.ജെ ജോസഫിന് പൊലീസ് ഭരണം സുഗമമാക്കിയത്.

ആന്റണിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയിലേക്കും രമേശ് ചെന്നിത്തലയിലേക്കുമുള്ള ദൂരം വളരെ വലുതാണെങ്കിലും അനാവശ്യ ഇടപെടലുകള്‍ക്ക് നിന്നുകൊടുക്കില്ലെന്ന കര്‍ക്കശമായ നിലപാട് സെന്‍കുമാര്‍ സ്വീകരിക്കുമെന്നാണ് കേരളീയ സമൂഹം പ്രതീക്ഷിക്കുന്നത്.

അധികാര കേന്ദ്രങ്ങളെ ഉള്ളംകൈയില്‍ വച്ച് അമ്മാനമാടാന്‍ ശേഷിയുണ്ടായിരുന്ന ലിസ് കമ്പനിയുടെ തട്ടിപ്പിനെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച സെന്‍കുമാറില്‍, നീതിതേടുന്ന ജനവിഭാഗം പ്രതീക്ഷയര്‍പ്പിക്കുന്നത് സ്വാഭാവികമാണ്.

വിതുര-പന്തളം സ്ത്രീപീഡന കേസുകളിലും ഫ്രഞ്ച് ചാര കേസിലും ആട്-തേക്ക് -മാഞ്ചിയം തട്ടിപ്പുകേസുകളിലും ശക്തമായ നടപടിയെടുത്ത് കഴിവുതെളിയിച്ച് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ശക്തവും നീതിമാനുമായ ഒരു പൊലീസ് മേധാവിയുടെ കീഴില്‍ മാത്രമെ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദമില്ലാതെ നീതി നിര്‍വഹണം നടത്താന്‍ കഴിയൂ.

വഴിവിട്ട ഇടപെടലുകള്‍ക്കായി വരുന്ന ശുപാര്‍ശ കോളുകള്‍ക്ക് ‘റെഡ് സിഗ്നല്‍’ നല്‍കാനും അഴിമതിക്കാരും ക്രിമിനലുകളുമായ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും നിലക്കുനിര്‍ത്താനും സെന്‍കുമാറിനെ പോലെ കരുത്തനായ ഒരു പൊലീസ് മേധാവിക്ക് കഴിയും.

ഇരുപത്തിനാല് മണിക്കൂറും സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും മിഴി തുറന്നിരിക്കുന്ന ഈ പുതിയ കാലത്ത് രാഷ്ട്രീയ-ഉദ്യോഗസ്ഥ ‘താല്‍പര്യങ്ങള്‍ക്കെതിരെ’ നിലപാട് സ്വീകരിച്ചാല്‍ എതിര്‍ത്ത് രംഗത്ത് വരാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ല.

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ പൂര്‍ണമായും സിസിടിവി നിയന്ത്രണത്തിലാവുകയും ഉദ്യോഗസ്ഥരുടെ ഫോണുകള്‍ ഓട്ടോമാറ്റിക് റിക്കോര്‍ഡിംഗ് സിസ്റ്റത്തിലാക്കുകയും രഹസ്യാന്വേഷണ വിഭാഗത്തെ കാര്യക്ഷമമാക്കുകയും ചെയ്താല്‍ തന്നെ ബാഹ്യ ഇടപെടലുകളും ലോക്കപ്പ് മര്‍ദനങ്ങളും കുറയും.

ക്രമസമാധാന രംഗത്തും കുറ്റാന്വേഷണ രംഗത്തും അഴിമതിക്കാരും ക്രിമിനലുകളുമായ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിക്കുകയും കുറച്ചൊക്കെ മാറ്റങ്ങള്‍ നടപ്പിലാക്കി തുടങ്ങുകയും ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അതും താറുമാറായിരിക്കുകയാണ്. ഇക്കാര്യത്തിലും നിയുക്ത പൊലീസ് ചീഫിന്റെ ഇടപെടല്‍ അനിവാര്യമാണ്.

ചെറിയ ആരോപണങ്ങളില്‍ പോലും വകുപ്പ് നടപടിയില്‍ കുരുക്കി ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതപ്പെട്ട പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞ് വയ്ക്കുന്ന പൊലീസ് ആസ്ഥാനം, ഐപിഎസ് ക്രിമിനലുകള്‍ക്ക് നിയമവിരുദ്ധമായി സഹായം ചെയ്യുന്ന പ്രവണത പുതിയ പൊലീസ് മേധാവിയുടെ നിയമനത്തോടെ ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.

ഡെപ്യൂട്ടേഷനില്‍ പോയ ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ മഹേഷ് കുമാര്‍ സിംഗ്ലയെ തിരികെ കൊണ്ടുവന്ന് പൊലീസ് മേധാവിയാക്കാന്‍ ശ്രമിച്ച ഗൂഢസംഘത്തിനേറ്റ കനത്ത പ്രഹരമാണ് ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനം. സെന്‍കുമാര്‍ തന്നെയായിരിക്കും പുതിയ പൊലീസ് ചീഫ് എന്ന് Express Kerala-യാണ് മാസങ്ങള്‍ക്ക് മുന്‍പ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഭരണപക്ഷത്തെ ചില ഉന്നതരെ സ്വാധീനിച്ചും ‘ബ്ലാക്ക് മാജിക് ‘ നടത്തിയും സെന്‍കുമാറിനെതിരെ ശക്തമായ കരുനീക്കങ്ങളാണ് രണ്ട് വിവാദ ഐപിഎസുകാര്‍ നടത്തിയിരുന്നത്.

പ്രതിസന്ധികള്‍ തകര്‍ത്തെറിഞ്ഞ് മെയ് 31-ന് സംസ്ഥാന പൊലീസ് ചീഫായി ചുമതലയേല്‍ക്കുന്ന സെന്‍കുമാര്‍ സംസ്ഥാന പൊലീസിനെ നേരായ ദിശയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Team ExpressKerala

Top