സെന്‍കുമാറിനെ തെറുപ്പിക്കാന്‍ ‘പ്രത്യേക’ പൂജകളുമായി വിവാദ ഐപിഎസുകാരന്‍

കൊച്ചി: ക്രിമിനലുകളുടെ മാത്രമല്ല ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാരുടെയും പേടി സ്വപ്നമായ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ടി.പി സെന്‍കുമാര്‍ പൊലീസ് മേധാവിയാകാതിരിക്കാന്‍ മന്ത്ര-തന്ത്രങ്ങളുമായി വിവാദ ഐപിഎസുകാരന്റെ പൂജ.

ഗുരുതര കുറ്റത്തിന് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും വിജിലന്‍സ് – ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുകയും ചെയ്യുന്ന വിവാദ ഐപിഎസുകാരനാണ് സെന്‍കുമാറിന് വഴിമുടക്കാന്‍ മന്ത്ര ഉച്ചാരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

എറണാകുളം ഇടപ്പള്ളിക്ക് സമീപത്തെ ഫ്‌ളാറ്റില്‍ വച്ചാണ് ‘പ്രത്യേക ഹോമം’ അരങ്ങേറിയതെന്നാണ് ലഭിക്കുന്ന സൂചന.

ഈ ഉദ്യോഗസ്ഥന്റെ ചില അടുപ്പക്കാര്‍ താമസിക്കുന്ന ഈ ഫ്‌ളാറ്റില്‍ അടിക്കടി വന്നു പോകുന്നതിനെ ചൊല്ലി നേരത്തെ തന്നെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. മുന്‍ എംഎല്‍എയുടെ മകളും ഭര്‍ത്താവും ഇതു സംബന്ധമായ പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു.

സെന്‍കുമാര്‍ ഡിജിപിയാവുമെന്ന് ഉറപ്പായതോടെയാണ് ‘കടുംകൈ’ പരീക്ഷിക്കാന്‍ വിവാദ ഉദ്യോഗസ്ഥന്‍ തയ്യാറായതെന്നാണ് അദ്ദേഹത്തിന്റെ ‘ശിഷ്യഗണങ്ങളില്‍’ നിന്ന് പുറത്ത് വരുന്ന വിവരം.

സസ്‌പെന്‍ഷന്‍ കാലയളവില്‍ ഇദ്ദേഹം കോട്ടയം മുണ്ടക്കയത്തിന് സമീപമുള്ള വനത്തോട് ചേര്‍ന്ന എസ്‌റ്റേറ്റിലെ വള്ളിയങ്കാവ് ക്ഷേത്രത്തില്‍ ഹോമം നടത്തിയത് വിവാദമായിരുന്നു. മനോരമ പത്രം ‘ഐപിഎസ് പൂജ’ വിവാദമാക്കിയതോടെ ഇയാള്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു. പണ്ട് മനുഷ്യകുരുതിയടക്കം നടന്നു എന്ന് പറയപ്പെടുന്ന ഈ ക്ഷേത്രം ആദിവാസികളുടെ നിയന്ത്രണത്തിലാണ്.

എവിടെ യാത്ര പോകുമ്പോഴും കൂടെ പ്രത്യേക കിറ്റില്‍ ജപിക്കാനുള്ള സംവിധാനങ്ങള്‍ കൊണ്ടു നടക്കുന്ന വിവാദ ഐപിഎസ് ഉദ്യോഗസ്ഥന് നിരവധി ‘ശിഷ്യഗണങ്ങള്‍’ ഉണ്ടെന്നാണ് പൊലീസിലെ തന്നെ അണിയറ സംസാരം.

ബിഎസ്എഫിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയ ഡിജിപി മഹേഷ്‌കുമാര്‍ സിംഗ്ലയെ മടക്കികൊണ്ടു വന്ന് പൊലീസ് ചീഫാക്കാന്‍ നടന്ന ശ്രമത്തിന് പിന്നിലും ചരട് വലിച്ചത് ഈ ഉദ്യോഗസ്ഥനും സരിതാ വിവാദത്തില്‍പ്പെട്ട മറ്റൊരു ഉദ്യോഗസ്ഥനും ചേര്‍ന്നായിരുന്നു. പ്രബല സമുദായ നേതാവിനെ മുന്‍ നിര്‍ത്തിയായിരുന്നു നീക്കം.

എന്നാല്‍ സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ക്കിടയില്‍ ഏകാഭിപ്രായമുയര്‍ന്നത് ഇവരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

സെന്‍കുമാര്‍ പൊലീസ് തലപ്പത്ത് വന്നാല്‍ പ്രതിഛായ മങ്ങിയ സര്‍ക്കാരിന് അത് മുതല്‍ കൂട്ടാവുമെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രിക്കും ഘടക കക്ഷി നേതാക്കള്‍ക്കുമുള്ളത്.

ഇക്കാര്യത്തില്‍ മറിച്ചൊരു നീക്കമുണ്ടായാല്‍ ആന്റണി നേരിട്ടിടപെടുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. രാഹുല്‍ ഗാന്ധിയെ ഉപയോഗപ്പെടുത്തി സെന്‍കുമാറിനെ തെറുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത് അപ്രതീക്ഷിതമായ ഈ നീക്കമാണ്. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളിലെ ‘ഛിദ്രശക്തി’കളെ കൂട്ടുപിടിച്ച് പദവിക്ക് നിരക്കാത്ത പ്രവൃത്തികള്‍ അണിയറയില്‍ അരങ്ങേറുന്നത്.

മെയ് 31ന് ആണ് നിലവിലെ ഡിജിപി ബാലസുബ്രമണ്യം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നത്. ഉടന്‍ തന്നെ പുതിയ പൊലീസ് മോധാവിയായി ടിപി സെന്‍കുമാര്‍ ചുമതലയേല്‍ക്കും. അടുത്ത് തന്നെ ഇത് സംബന്ധമായ ഔഗ്യോഗിക ഉത്തരവ് പുറത്തിറങ്ങും. ഇനി രണ്ടര വര്‍ഷത്തോളം സര്‍വ്വീസ് കാലവധി സെന്‍കുമാറിനുണ്ട്.

വിവാദ ഐപിഎസുകാര്‍ക്ക് പുറമേ വിവിധ കേസുകളില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരും സെന്‍കുമാര്‍ പൊലീസ് മേധാവിയാകുന്നതില്‍ പരിഭ്രാന്തിയിലാണ്. നടപടിയുടെ കാര്യത്തില്‍ ഒരു സമ്മര്‍ദ്ദത്തിനും സെന്‍കുമാര്‍ വഴങ്ങില്ലെന്നതാണ് ഇവരുടെയെല്ലാം ഉറക്കം കെടുത്തുന്നത്.

Top