സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചു: ടി.എസ് ജോണ്‍ ചെയര്‍മാന്‍

കൊച്ചി: കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചു. ചെയര്‍മാനായി ടി.എസ് ജോണിനെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

യാതൊരു കാരണവും പറയാതെയാണ് പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റിയതെന്നും ഇത് ജനാധിപത്യ വിരുദ്ധവുമാണെന്നും ടി.എസ്. ജോണ്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടി യുഡിഎഫില്‍ തന്നെ തുടരും. എല്ലാവരും യുഡിഎഫിന്റെ വിപ്പ് അനുസരിച്ച് പ്രവര്‍ത്തിക്കും. കുറുമാറ്റ നിരോധനത്തിന്റെ കാല പരിധിയില്‍ നിന്ന് പുറത്തുവരുന്ന സമയത്ത് ജോര്‍ജ് പാര്‍ട്ടിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ മാണി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയത്. എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തതിനെ തുടര്‍ന്ന് മാണി രാജിവയ്ക്കണമെന്ന് ഉന്നതാധികാര സമിതിയില്‍ താന്‍ പറഞ്ഞിരുന്നു. ഇക്കാര്യം പൊതുമധ്യത്തില്‍ പറഞ്ഞതിനാണ് ജോര്‍ജിനെതിരെ നടപടിയെടുത്തത്.

ജോസ്.കെ.മാണിക്കെതിരെയും ആരോപണം ഉന്നയിച്ചിരിക്കുന്നു. എന്നാല്‍ അദ്ദേഹം ഇത് നിഷേധിച്ചു. ആരോപണം വന്ന സ്ഥിതിക്ക് സര്‍ക്കാര്‍ ശക്തമായ അന്വേഷണം നടത്തണം. മാണി സ്വയം രാജിവെക്കണം. അല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ മാറ്റണമെന്നും ടി.എസ്. ജോണ്‍ ആവശ്യപ്പെട്ടു.

Top