സൂക്ഷിക്കുക..സെക്രട്ടറിയേറ്റില്‍ ഉമ്മന്‍ചാണ്ടിയുണ്ട്; വിധിച്ചുകളയും കോടതിക്കും മീതെ…

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഞങ്ങളുടെ അറിവില്‍ ജഡ്ജി പദവിയില്ല. ഇനി ഇന്ത്യന്‍ ഭരണകൂടമോ ജുഡീഷ്യറിയോ പ്രത്യേക ‘നിയമം’ വഴി അങ്ങനെ ഒരു അധികാരം കല്‍പ്പിച്ച് നല്‍കിയോ എന്ന് വ്യക്തവുമല്ല !

എന്നാല്‍ ഒരു ‘സൂപ്പര്‍ ജഡ്ജി’ചമഞ്ഞാണ് അടുത്ത കാലത്തായി ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹത്തിന്റെ നടപടികളില്‍ നിന്ന് ഇതിനകംതന്നെ വ്യക്തമാണ്. അപകടകരമായ ഈ നീക്കം വലിയ പ്രത്യാഘാതങ്ങള്‍ക്കാണ് കാരണമാകുക. കോടതി ജയില്‍ശിക്ഷ വിധിച്ച വ്യക്തിക്ക് ഒരു ദിവസംപോലും  ജയില്‍വാസമനുഭവിക്കാതെ പുറത്ത് വിലസിനടക്കാന്‍ കഴിയാമെന്നതും, ഐഎഎസുകാരന്റെ മുഖത്ത് കരി ഓയില്‍ ഒഴിച്ചാലും ഒന്നും സംഭവിക്കാനില്ലെന്നുമുള്ള സന്ദേശം നല്‍കുന്നതും ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന നടപടിയല്ല.

കോടതി ശിക്ഷ വിധിച്ച വ്യക്തിയെ കുറ്റ വിമുക്തനാക്കുന്നതിന് മുഖ്യമന്ത്രിക്ക് മാനദണ്ഡമായത് കെപിസിസിയിലെ ഉന്നതന്റെ വേണ്ടപ്പെട്ടവനാണ് കുറ്റവാളി എന്നത് മാത്രമാണ്. ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും അനാദരവുമായിരുന്നു ഈ നടപടി. അതിന്റെ തനിയാവര്‍ത്തനമാണ് കഴിഞ്ഞ ദിവസവും അരങ്ങേറിയത്. ഐഎഎസുകാരനായ കേശവേന്ദ്രയുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച സംഭവത്തിലെ ഏഴ് പ്രതികളെ കുറ്റ വിമുക്തനാക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും ‘ഈ തീരുമാനമെടുക്കാന്‍ തനിക്ക് അധികാരമുണ്ടെന്ന’ അഹങ്കാരപൂര്‍ണ്ണമായ മുഖ്യമന്ത്രിയുടെ പെരുമാറ്റവും പ്രതിഷേധാര്‍ഹമാണ്.

കേസുകള്‍ പിന്‍വലിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതൊന്നും പാലിക്കാതെയാണ് കേശവേന്ദ്ര സംഭവത്തിലെ പ്രതികളെ കുറ്റവിമുക്തമാക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കിയത്. സ്റ്റേറ്റ് പ്രോസിക്യൂട്ട് ചെയ്യുന്ന കേസ് പിന്‍വലിക്കാന്‍ പൊതു താല്‍പര്യം  നിര്‍ബന്ധമാണ്. ഇവിടെ കേശവേന്ദ്രയുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ചത് എന്ത് ‘പൊതുതാല്‍പര്യം’ മുന്‍നിര്‍ത്തിയാണെന്ന് മുഖ്യമന്ത്രി മറുപടി പറയണം.

പ്രതികള്‍ പ്രതിനിധാനം ചെയ്ത സംഘടനക്ക് പോലും ബോധ്യപ്പെടാത്ത എന്ത് യാഥാര്‍ത്ഥ്യമാണ് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടത്? എട്ട്‌പേരടങ്ങുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ നടന്ന കുറ്റകൃത്യം എങ്ങനെയാണ് ഒരാളില്‍ മാത്രം കേന്ദ്രീകൃതമാകുക? ഇങ്ങനെ ഒരാളെ മാത്രം ഉള്‍പ്പെടുത്തി കേസ് മുന്നോട്ട് കൊണ്ടുപോയാല്‍ എങ്ങനെയാണ് കേസ് നിലനില്‍ക്കുക? സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം പൊലീസ് കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഏഴ് പ്രതികള്‍ നിരപരാധികളാണെന്ന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിക്കസേരയിലിരുന്ന് സ്വയം കണ്ടുപിടിച്ചതാണോ ?

ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയില്‍ നിന്നും കേരളീയ സമൂഹം ഇപ്പോള്‍ തേടുകയാണ് . ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ്, ഒരു സംഘടനാ കമ്മിറ്റികളും അറിയാതെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘കരി ഓയില്‍ സമരം’ ‘ബാഹ്യ’ പ്രേരണയിലാണെന്ന് തുറന്നടിച്ചത് പല സംശയങ്ങള്‍ക്കും വഴിമരുന്നിട്ടിട്ടുണ്ട്. ഈ ബാഹ്യ ശക്തികളുടെ  പ്രേരണയിലാണോ കേസ് പിന്‍വലിക്കാനും  തീരുമാനമെടുത്തതെന്നേ ഇനി അറിയാനൊള്ളു.

പ്രതിഷേധങ്ങള്‍ കൊണ്ടൊന്നും എടുത്ത തീരുമാനം പിന്‍വലിപ്പിക്കാന്‍ കഴിയില്ലെന്ന ധ്വനി കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണെങ്കിലും അന്തിമ തീരുമാനം കോടതിയുടേതാണെന്ന് ഉമ്മന്‍ചാണ്ടി മനസിലാക്കുന്നത് നല്ലതാണ്.  കരി ഓയിലില്‍ കുളിച്ച് നിസഹായനായി നോക്കി നില്‍ക്കുന്ന ചെറുപ്പക്കാരനായ ഐഎഎസുകാരന്റെ മുഖം മനസാക്ഷിയുള്ള ഒരു മനുഷ്യനും മറക്കാനാകില്ല.

ക്രിമിനല്‍ – വിജിലന്‍സ് കേസുകളില്‍ പ്രതികളായ ഐജി ടോമിന്‍ തച്ചങ്കരിക്കും ഡിഐജി ശ്രീജിത്തിനും ഉദ്യോഗക്കയറ്റം നല്‍കി പ്രോത്സാഹിപ്പിച്ച ഈ സര്‍ക്കാരില്‍ നിന്ന് കൂടുതലൊന്നും ആരും പ്രതീക്ഷിക്കുന്നുമില്ല. സില്‍ബന്ധികളായ ക്രിമിനലുകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും സംഘവും ഇതിനെല്ലാം ഒരിക്കല്‍ മറുപടി പറയേണ്ടിവരും.

കരിഓയില്‍ കേസിലെ പ്രതികളെ കുറ്റവിമുക്തനാക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാമോയില്‍ കേസില്‍ ഇനി പ്രതിചേര്‍ക്കപ്പെടുകയാണെങ്കില്‍ സ്വയം കുറ്റവിമുക്തനാക്കി കളഞ്ഞാലും അത്ഭുതപ്പെടാനില്ല.

Team ExpressKerala

Top