സുഷമാ സ്വരാജ് മികച്ച നടിയെന്ന് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് നന്നായി അഭിനയിക്കാനറിയാമെന്ന് യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വിമര്‍ശനം. അവര്‍ മികച്ച നടിയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. സുഷ്മ ഇന്നലെ ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയെക്കുറിച്ചായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം.

ലളിത് മോദി വിവാദത്തില്‍ അര്‍ബുദ രോഗിയായ ഭാര്യയെ സഹായിക്കാനാണ് താന്‍ ശ്രമിച്ചതെന്നും തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സുഷമ ഇന്നലെ ലോക്‌സഭയില്‍ പറഞ്ഞിരുന്നു.

അതേസമയം, സുഷമ സ്വരാജിന് ലളിത് മോദിയില്‍ നിന്ന് എത്ര പണം ലഭിച്ചുവെന്ന് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കള്ളന്‍മാര്‍ രഹസ്യമായാണ് പ്രവര്‍ത്തിക്കുന്നത്. സുഷമയും അതാണ് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രതിഷേധയോഗത്തില്‍ പറഞ്ഞു.

ഇതിനിടെ എംപിമാരുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിനു മുന്നില്‍ ഇന്നും കോണ്‍ഗ്രസ് ധര്‍ണ നടത്തുകയാണ്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് ധര്‍ണ. അതേസമയം സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്ത 25 കോണ്‍ഗ്രസ് അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ കാലാവധി ഇന്ന് അവസാനിക്കും.

Top