സുഷമയും വസുന്ധരയും തന്നെ സഹായിച്ചു ; വെളിപ്പെടുത്തലുമായി ലളിത് മോഡി രംഗത്ത്‌

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരുമായി വളരെ അടുത്ത ബന്ധമാണെന്ന് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി.

സുഷമ സ്വരാജിന്റെ കുടുംബവുമായി 20 വര്‍ഷമായി അടുത്തറിയാം. മറ്റ് നിരവധി നേതാക്കളുമായി തനിക്ക് അടുത്ത ബന്ധമുണ്ട്. ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, രാജീവ് ശുക്ല തുടങ്ങിയവര്‍ യാത്രാരേഖകള്‍ ശരിയാക്കാന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും ലളിത് മോഡി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മുന്‍ യുപിഎ സര്‍ക്കാര്‍ തിനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും മുന്‍ ധനമന്ത്രി പി ചിദംബരം തന്നെ നാടുകടത്തുവാന്‍ ശ്രമിച്ചുവെന്നും ലളിത് മോഡി ആരോപിച്ചു. തന്നെ സഹായിച്ചതിന്റെ പേരില്‍ സുഷമ സ്വരാജിന് കേന്ദ്രമന്ത്രിസ്ഥാനം തന്നെ നഷ്ടമായേക്കാം. സുഷമ സ്വരാജിനെ താന്‍ വിളിച്ചിരുന്നുവെന്നും അവരുടെ മകള്‍ ബാന്‍സുരി നാലുവര്‍ഷം തന്റെ അഭിഭാഷക ആയിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിനിടെ സമ്മതിച്ചു.

ലളിത് മോദി വിവാദത്തില്‍ കഴിഞ്ഞ ദിവസമാണ് വസുന്ധര രാജെയുടെ പേരും ഉള്‍പ്പെട്ടത്. ബ്രിട്ടനില്‍ താമസിക്കാന്‍ മോഡിയെ വസുന്ധര രാജെ സഹായിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

2010 മുതല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ണുവെട്ടിച്ച് ലണ്ടനില്‍ക്കഴിയുന്ന ലളിത് മോദിക്ക് ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പോര്‍ച്ചുഗലിലേക്കു പോകാനുള്ള സഹായം നല്‍കണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണറോട് വിദേശകാര്യമന്ത്രി ശുപാര്‍ശചെയ്തുവെന്നാണ് ആരോപണം. സംഭവത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി വിവാദത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

Top