സുരേഷ് ഗോപി വീണ്ടും കാക്കിയണിയുന്നു

സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു. മലയാളികള്‍ക്ക് ഒട്ടേറെ ആക്ഷന്‍ ചിത്രങ്ങള്‍ സമ്മാനിച്ച ഷാജി കൈലാസ് ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലറിലാണ് പൊലീസ് ഓഫീസറുടെ വേഷത്തില്‍ സുരേഷ് ഗോപിഎത്തുന്നത്. രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. മറ്റു താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല.

സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ തന്നെയാണ് ഷാജി കൈലാസ് ഈ സിനിമയ്ക്ക് പ്രമേയമാക്കുന്നത്.

കേരള രാഷ്ട്രീയത്തെ ഏറെ പിടിച്ചുലുച്ച സോളാര്‍ തട്ടിപ്പിന്റെ കഥയാണ് ഈ സിനിമയിലൂടെ ഷാജി പറയുന്നത് എന്ന് ഓണ്‍ലൈന്‍ സൈറ്റുകളില്‍ വാര്‍ത്ത പരന്നിരുന്നു. കേസിലെ വിവാദ നായിക സരിത എസ്. നായര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ആ വാര്‍ത്തകളൊന്നും ശരിയല്ലെന്ന് ഷാജി കൈലാസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം സിനിമയ്ക്ക് പ്രമേയമാകുന്നുണ്ടെങ്കിലും സോളാര്‍ കേസുമായോ ഏതെങ്കിലും വ്യക്തികളുടെ ജീവിതവുമായി ഇതിന് ബന്ധമില്ലെന്നും ഷാജി വ്യക്തമാക്കി.

മലയാളത്തില്‍ ഹിറ്റായ നാദിയ കൊല്ലപ്പെട്ട രാത്രി എന്ന സിനിമയുടെ തമിഴ് റീമേക്കിന്റെ തിരക്കിലാണ് ഷാജി കൈലാസിപ്പോള്‍. വൈഗ് എക്‌സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആര്‍.കെയാണ് നായകന്‍. ഇനിയ, സുമന്‍, അനൂപ് ചന്ദ്രന്‍, സിദ്ധിക്ക് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

Top