സുരേഷ് ഗോപിയുടെ മകന്‍ വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നു

മറ്റൊരു താരപുത്രന്‍ കൂടി വെള്ളിവെളിച്ചത്തിലേക്ക് ചുവടു വയ്ക്കുന്നു. തെന്നിന്ത്യന്‍ താരം സുരേഷ് ഗോപിയുടെ മൂത്ത മകന്‍ ഗോകുലാണ് അടുത്തതായി സിനിമാ ലോകത്തിലെ യുവതാരങ്ങളുടെ പട്ടികയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നത്.

നവാഗതനായ വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ കാമറയ്ക്ക് മുന്നില്‍ എത്തുന്നത്. മുത്തുഗവു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബര്‍ ഒക്ടോബറോടെ ആരംഭിക്കുമെന്നാണ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്രതോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് ബാബു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോകുലിനോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിലുണ്ടായിരിക്കും.

ഒരു ചിത്രത്തിന്റെ ഗാനരചനയിലൂടെ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് നേരത്തെ സിനിമാ രംഗത്തെത്തിയിരുന്നു. നവാഗതനായ ശ്യാമപ്രകാശ് സംവിധാനം ചെയ്യുന്ന ‘ജോ വി ലോ’ എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യയുടെ അരങ്ങേറ്റം. ആറ് ഗാനങ്ങളുള്ള ചിത്രത്തിലെ ഒരു ഇംഗ്ലീഷ് ഗാനമാണ് ഭാഗ്യ എഴുതി കംപോസ് ചെയ്ത് പാടുന്നത്.

രുദ്രസിംഹാസനം, മൈ ഗോഡ് എന്നീ ചിത്രങ്ങളാണ് അടുത്തതായി സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.

Top