സുബ്രതോ കപ്പ്: ബ്രസീലിനോട് കേരളം പൊരുതി തോറ്റു

കൊല്‍ക്കത്ത: സുബ്രതോ കപ്പ് ഫുട്‌ബോളില്‍ കേരളത്തിന്റെ കുട്ടികള്‍ ബ്രസീലിനോട് പൊരുതിതോറ്റു. സഡന്‍ ഡെത്തില്‍ 5 4 എന്ന സ്‌കോറിനായിരുന്നു മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, റിയോ ഡി ജനീറോയില്‍നിന്നുള്ള സെന്റ് ആന്റൊണിയോ സ്‌കൂളിനോട് പരാജയപ്പെട്ടത്. ദില്ലി അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി തുല്യത പാലിച്ചു.

ആദ്യ പകുതിയുടെ 14ാം മിനിറ്റില്‍ മാഹിന്‍ പി. ഹുസൈനാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ കേരളം മാഹിന്റെ ഗോളില്‍ മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ഗനി അഹമ്മദ് നിഗമിലൂടെ കേരളം ലീഡുയര്‍ത്തി. പിന്നാലെ ബ്രിസീല്‍ ഒരു ഗോള്‍ മടക്കി. ജോസ് റിക്കാര്‍ഡോയായിരുന്നു സ്‌കോറര്‍. മല്‍സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ ഇഞ്ചുറി ടൈമിലായിരുന്നു ബ്രസീലിന്റെ സമനില ഗോള്‍. റിക്കാര്‍ഡോ തന്നെയായിരുന്നു ബ്രസീലിന്റെ രക്ഷകന്‍.

ഇതോടെ മല്‍സരം അധിക സമയത്തേക്കു നീണ്ടു.ഏഴു മിനിട്ട് വീതമുള്ള അധിക സമയത്തു ഇരു ടീമുകളും ഗോള്‍ നേടിയില്ല. തുടര്‍ന്നു നടന്ന ഷൂട്ടൗട്ടില്‍ ഇരു ടീമുകളും തുല്യത പാലിച്ചു. ഷൂട്ടൗട്ടില്‍ ഇരു ടീമുകളുടെയും ഓരോ കിക്കുകള്‍ വീതം ഗോള്‍ കീപ്പര്‍മാര്‍ സേവ് ചെയ്തു. തുടര്‍ന്ന് സഡന്‍ ഡെത്തില്‍ കേരളം പരാജയപ്പെടുകയായിരുന്നു. കേരള പ്രതിനിധികളായെത്തിയ എംഎസ്പി സ്‌കൂള്‍ രണ്ടാം തവണയാണു ഫൈനലിലെത്തുന്നത്. 2012ല്‍ അവര്‍ ഡൈനാമോ കീവ് അക്കാദമിയോടു തോറ്റിരുന്നു.

Top