സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും ആര്‍.എം.ലോധ ഇന്ന് വിരമിക്കും

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും ആര്‍.എം.ലോധ ഇന്ന് വിരമിക്കും. പുതിയ ചീഫ് ജസ്റ്റിസായി എച്ച്.എല്‍. ദത്തു നാളെ സത്യപ്രതിജ്ഞ ചെയ്യും. ചീഫ് ജസ്റ്റീസ് ആയിരുന്നത് അഞ്ചു മാസകാലം മാത്രമായിരുന്നുവെങ്കിലും ഉറച്ച നിലപാടുകളിലുടെ ജുഡീഷ്യറിയുടെ യശസ് ഉയര്‍ത്തിയ വ്യക്തിയാണ് ജസ്റ്റീസ് ആര്‍എം ലോധ.

ഭരണാഘടന വിഷയങ്ങള്‍ പരിഗണിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തിയതോടെ കോടതിയുടെ പ്രവര്‍ത്തന രീതിയിലടക്കം ശ്രദ്ധേയമായ മാറ്റങ്ങള്‍ കാണാനായി. സിബിഐ ഏജന്‍സിക്ക് കൂടുതല്‍ സ്വാതന്ത്യം അനുവദിക്കാന്‍ കേന്ദ്രം തയ്യാറായി. പിന്നീട് നിയമവിരുദ്ധമായി അനുവദിച്ച 214 കല്‍ക്കരിപ്പാടങ്ങളുടെ അനുമതി റദ്ദാക്കി. വധശിക്ഷക്കേസുകളിലെ പുനപരിശോധനാഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുളള വിധിയും ഏറ്റുമുട്ടല്‍ കേസുകളില്‍ മാര്‍ഗരേഖ പുറപെടുവിച്ചു കൊണ്ടുളള വിധിയും ജസ്റ്റീസ് ലോധയുടെ നേതൃത്വത്തിലുളള ബഞ്ചിന്റെതാണ്.

മുല്ലപ്പെരിയാര്‍ പത്മാനാഭ സ്വാമി ക്ഷേത്രക്കേസുകള്‍ പരിഗണിച്ചതും ആര്‍എം ലോധയായിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നതിനുളള സംവിധാനത്തെ പിന്തുണച്ച ജസ്റ്റീസ് ലോധ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ കൊണ്ടു വരാനുളള സര്‍ക്കാര്‍ നീക്കത്തെ തുറന്ന് എതിര്‍ത്തു. സുപ്രീംകോടതിയിലെ രണ്ട് അഭിഭാഷകരെ ജഡ്ജിമാരായി ഉയര്‍ത്താനുളള തീരുമാനം ജസ്റ്റീസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുളള കൊളീജിയത്തിന്റെതായിരുന്നു. അഞ്ച് അഭിഭാഷകരെ പരിഗണിച്ചിരുന്നതായും നിയമനം വെല്ലുവിളിയുയര്‍ത്തിയതായും വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

പുതിയ ചീഫ് ജസ്റ്റീസായി ജസ്റ്റീസ് എച്ച്എല്‍ ദത്തു നാളെ ഞായറാഴ്ച സത്യപ്രതിഞ്ജ ചെയ്യും. 1975 ല്‍ അഭിഭാഷകനായി നിയമരംഗത്ത് എത്തിയ ജസ്റ്റീസ് ദത്തു ഒരു വര്‍ഷവും രണ്ട് മാസവും ചീഫ് ജസ്റ്റീസായി തുടരും.

Top