സുപ്രീംകോടതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട ദേശീയ ഗെയിംസ് സെക്രട്ടറി ഹാജര്‍… !

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസില്‍ സുപ്രീം കോടതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട ദേശീയ ഗെയിംസ് ഓര്‍ഗനൈസിങ് സെക്രട്ടറിയായ മന്ത്രി എം.കെ മുനീറിന്റെ സഹോദരി ഭര്‍ത്താവ് പി.ഐ ഹംസയെ തൊടാന്‍ സര്‍ക്കാരിനു മടി. അറസ്റ്റ് ചെയ്ത് ജയിലിലടക്കേണ്ട പ്രതിയാണ് ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയില്‍ കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കുമൊപ്പം മുഖ്യ സംഘാടകനായി വേദിപങ്കിട്ടത്. ഇപ്പോഴും ദേശീയ ഗെയിംസ് സംഘാടക ചുമതലയില്‍ നിന്നും ഹംസയെ നീക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ദേശീയ ഗെയിംസിന് നാണക്കേടാവുകയാണ് ഓര്‍ഗനൈസിങ് സെക്രട്ടറിയുടെ തട്ടിപ്പുകേസ്. ഡെന്റല്‍ കോളേജ് തുടങ്ങാമെന്നുപറഞ്ഞ് തട്ടിപ്പ് നടത്തിയ ഹംസക്കെതിരായ അറസ്റ്റ് വാറന്റ് സുപ്രീംകോടതി ശരിവക്കുകയായിരുന്നു. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് വന്നദിവസം ഹംസ മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഉദ്ഘാടനത്തില്‍ വേദി പങ്കിട്ടു.

ഡെന്റല്‍ കോളേജ് തുടങ്ങാനെന്ന വ്യാജേന ഗള്‍ഫ് വ്യവസായി കണ്ണൂര്‍ സ്വദേശി ഷബീര്‍ അബ്ദുല്‍ഖാദറില്‍നിന്ന് ഹംസ കോടികള്‍ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. 2014 ഒക്ടോബര്‍ 31നകം പണം തിരികെ നല്‍കിയില്ലെങ്കില്‍ ഹംസയെ ജയിലില്‍ അടയ്ക്കാമെന്ന ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ജസ്റ്റിസുമാരായ ടി എസ് ഠാക്കൂര്‍, ആദര്‍ശ്കുമാര്‍ ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് ശരിവച്ചത്. ദേശീയ ഗെയിംസ് കഴിഞ്ഞശേഷം പണം തിരികെ നല്‍കാമെന്ന ഹംസയുടെ വാദം കോടതി തള്ളുകയായിരുന്നു.

ഹംസ തട്ടിക്കൂട്ടിയ ഇന്‍ഡസ് എഡ്യുക്കേഷന്‍ ട്രസ്റ്റില്‍ അംഗമാക്കാമെന്നും ഡെന്റല്‍ കോളേജുകള്‍ ഉള്‍പ്പെടെ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ സഹ ചെയര്‍മാനാക്കാമെന്നും വാഗ്ദാനം ചെയ്ത് ഒമ്പത് കോടി രൂപയാണ് ഷബീറില്‍ നിന്ന് വാങ്ങിയത്. ഒന്നും നടക്കാതായതോടെ തര്‍ക്കമായി. അപ്പോള്‍ അഞ്ചുകോടി തിരിച്ചുകൊടുത്തു. ബാക്കി നാലുകോടി രൂപയില്‍ 3.75 കോടി രൂപക്ക് അഞ്ച് ചെക്ക് കൊടുത്തു. ചെക്ക് മടങ്ങിയതോടെ ഷബീര്‍ കോടതിയിലെത്തി. ഹംസയുടെ കോഴിക്കോട്ടെ സ്വത്തുക്കള്‍ ജപ്തിചെയ്യാന്‍ തലശേരി സബ്‌കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഒത്തുതീര്‍പ്പിന് ശ്രമിച്ച ഹംസ എട്ട് മാസത്തിനകം പണം നല്‍കാമെന്ന് ഉറപ്പുനല്‍കി. പക്ഷേ അതുമുണ്ടായില്ല.

ഇതേതുടര്‍ന്ന് വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഷബീര്‍ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ അറസ്റ്റ്‌ചെയ്യാനായിരുന്നു കോടതി ഉത്തരവ്. തുടര്‍ന്ന് ഹംസ ഹൈക്കോടതിയെ സമാപിച്ചപ്പോള്‍ എട്ട് ഗഡുക്കളായി നല്‍കാന്‍ കാടതി ആവശ്യപ്പെടുകയായിരുന്നു. ആദ്യഗഡു സമയത്തിന് നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ വിധിക്കെതിരെയാണ് ഹംസ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി ശരിവച്ച സുപ്രീംകാടതി 2014 ജൂലൈ ഏഴിന് പണം നല്‍കിയില്ലെങ്കില്‍ അറസ്റ്റിന് നിര്‍ദേശം നല്‍കി. എന്നാല്‍ രണ്ട് ഗഡു പണം അടച്ച ഹംസ മറ്റൊരു കേസുമായി തന്റെ കേസ് ചേര്‍ക്കാന്‍ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. ഇത് തള്ളിയ ഹൈക്കോടതി ഒക്ടോബര്‍ 31നകം പണം നല്‍കാന്‍ ഉത്തരവിട്ടു. ഇതിനെതിരെയാണ് ഹംസ വീണ്ടും സുപ്രീംകോടതിയിലെത്തിയത്. പലതവണ കോടതികളില്‍ ഹര്‍ജി നല്‍കി സമയം നീട്ടിവാങ്ങിയ ഹംസ പലിശയടക്കം ഏഴുകോടിയിലധികം രൂപയാണ് നല്‍കാനുള്ളത്.

Top