സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തിന്റെ ഉറവിടം കണ്ടെത്താന്‍ കെജ്‌രിവാള്‍ ഇടപെടും

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരാന്‍ അരവിന്ദ് കെജ്‌രിവാള്‍ ഇടപെടുമെന്ന് സൂചന. ഡല്‍ഹി മുഖ്യമന്ത്രിപദം ഏറ്റെടുത്ത് കഴിഞ്ഞാല്‍ സുനന്ദ പുഷ്‌കറിന്റെ കൊലപാതകികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ രംഗത്ത് വരുമെന്നാണ് ആം ആദ്മി പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

കേസന്വേഷണം നടത്തുന്ന ഡല്‍ഹി പൊലീസ് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി എന്ന ഉത്തരവാദിത്വം മുന്‍നിര്‍ത്തി ഡല്‍ഹി പൊലീസിലും കേന്ദ്ര സര്‍ക്കാരിലും സമ്മര്‍ദം ചെലുത്താനാണ് കെജ്‌രിവാളിന്റെ നീക്കം. ശശി തരൂര്‍ കേന്ദ്ര മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഭാര്യ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ലാഘവത്തോട് കൂടി കാണാന്‍ പറ്റില്ലെന്ന നിലപാടിലാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വം.

സംഭവം നടന്നത് ഡല്‍ഹി ലീലാ പാലസില്‍ വച്ചാണ് എന്നതും മുഖ്യമന്ത്രിയില്‍ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. ചേരികളിലെ ചെറിയ പ്രശ്‌നങ്ങളില്‍ പോലും നേരിട്ട് ഇടപെടുന്ന കെജ്‌രിവാള്‍ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ഇടപെടുന്നത് കേന്ദ്ര സര്‍ക്കാരിനും വെല്ലുവിളിയാകും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആത്മഹത്യ എന്ന് ‘വിധിയെഴിതിയ’ദുരൂഹ മരണം കൊലപാതകമാണെന്ന് അടുത്തയിടെ ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചിരുന്നു.

ഇതു സംബന്ധമായി ശശിതരൂര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്ത് ഡല്‍ഹി പൊലീസ് മുന്നോട്ട് പോയെങ്കിലും കാര്യമായ തുടര്‍ നടപടി ഉണ്ടായിരുന്നില്ല. സുനന്ദ കൊല്ലപ്പെടുന്നതിന് മുന്‍പ് പത്രപ്രവര്‍ത്തകയായ നളിനി സിംഗിനോട് സംസാരിച്ച വിവരങ്ങള്‍ അവര്‍ പൊലീസിന് കൈമാറിയിട്ടും പൊലീസ് ശക്തമായ നടപടി സ്വീകരിക്കാത്തതിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയും പരസ്യമായി രംഗത്ത് വന്നിരുന്നു. ഇടയ്ക്കിടെ മോഡി സ്തുതിയുമായി ശശി തരൂര്‍ രംഗത്ത് വരുന്നതും സംശയത്തിനിട നല്‍കിയിരുന്നു.

ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ രംഗത്തിറങ്ങാന്‍ ആലോചിക്കുന്നത്.
രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സുനന്ദയുടെ മരണം ഭര്‍ത്താവ് ശശി തരൂരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. തരൂരിന്റെ വാദങ്ങളെ തള്ളുന്ന നിരവധി തെളിവുകള്‍ ഡല്‍ഹി പൊലീസിന് ലഭിച്ചതായും സൂചനകളുണ്ടായിരുന്നു. ഐപിഎല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടും അന്വേഷണം വ്യപിപ്പിക്കും.

പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിനുണ്ടായ അടുപ്പവും അവര്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ഏജന്റാണെന്ന് സുനന്ദ നളിനി സിംഗിനോട് മരണത്തിന് മുന്‍പ് വെളിപ്പെടുത്തിയതും അന്വേഷണ ഏജന്‍സികളെ ഞെട്ടിച്ചിരുന്നു. ഇതു സംബന്ധമായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും വിശദമായ അന്വേഷണം നടത്തിയിരുന്നു. സുനന്ദയുടെ അടുത്ത സുഹൃത്തുക്കളായ ചില ഉന്നത ബിസിനസ്സുകാരെയും ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

സംശയകരമായ സാഹചര്യത്തില്‍ സുനന്ദയുടെ മൃതദേഹം കണ്ടെത്തിയ ലീലാ ഹോട്ടലില്‍ താമസിച്ചിരുന്ന വിദേശികളുടെ പാസ്‌പോര്‍ട്ടുകള്‍ വ്യാജമാണെന്ന് കൂടി കണ്ടെത്തിയത് മരണത്തിന് അന്താരാഷ്ട്ര മാനമാണ് നല്‍കിയത്.

Top