മെഹര്‍ തരാറിനെ ചോദ്യം ചെയ്യാന്‍ ഡല്‍ഹി പൊലീസ് പാക്‌ ഹൈക്കമ്മീഷനെ സമീപിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ ചോദ്യം ചെയ്യാന്‍ ഡല്‍ഹി പൊലീസ് പാക് ഹൈക്കമ്മിഷന്റെ സഹായം തേടി.

ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കമ്മിഷണര്‍ക്ക് കത്തയച്ചതായി ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. അന്വേഷണത്തെ സഹായിക്കാന്‍ സാധിക്കുന്ന തെളിവുകള്‍ തരാറിന് നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്. ബസി പറഞ്ഞു.

അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നു മെഹര്‍ തരാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് വരാന്‍ സാധിക്കില്ലെന്നും അന്വേഷണ സംഘത്തിനു പാക്കിസ്ഥാനിലേക്ക് വരാമെന്നും ഇവര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്നാണ് പാക് ഹൈക്കമ്മിഷനെ സമീപിക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചത്.

തരാറിന്റെ നടപടി സിബിഐയെ വെട്ടിലാക്കാനാണെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കടുത്ത ശത്രുത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന്‍കാരിയായ തരാറിനെ ചോദ്യം ചെയ്യാന്‍ പാക്കിസ്ഥാനില്‍ കാലുകുത്താന്‍ സിബിഐയെ പാക് ഭരണകൂടം അനുവദിക്കില്ലെന്ന് ഉറപ്പാണ്. നിലവിലെ സാഹചര്യത്തില്‍ അവര്‍ ഇന്ത്യയിലെത്തി മൊഴി നല്‍കാനും സാധ്യതയില്ല. ഇത്തരത്തില്‍ എതെങ്കിലും ഒരു നീക്കമുണ്ടായാല്‍ അത് പാക്കിസ്ഥാനില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ തരാറുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയോ ഇ-മെയില്‍ മുഖാന്തരമോ ചോദ്യങ്ങള്‍ ചോദിക്കാന്‍  മാത്രമെ സിബിഐക്ക് സാധിക്കുകയൊള്ളുവെന്നാണ്  നിയമവിദഗ്ധര്‍പോലും പറയുന്നത്.

മെഹര്‍ തരാറുമായുള്ള ബന്ധത്തില്‍ തരൂരുമായി സുനന്ദ പുഷ്‌കര്‍ വഴക്കടിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കൂടാതെ തരൂരും മെഹര്‍ തരാറും ഒരുമിച്ച് ദുബായിയില്‍ താമസിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.  കഴിഞ്ഞ വര്‍ഷം ജനുവരി 17 നാണു സുനന്ദയെ ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ തരൂരിനെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു.

Top