സുനന്ദ പുഷ്‌കറിന്റെ മരണം: മോഡി സ്തുതി വിലപ്പോയില്ല; തരൂരും തരാറും കുടുങ്ങും

ന്യൂഡല്‍ഹി:മോഡി സ്തുതിയോടെ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിച്ച കോണ്‍ഗ്രസ് എം.പി ശശി തൂരിരിനെ മോഡിയും കൈവിട്ടു. സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയത് തരൂരിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കിയിരിക്കുകയാണ്. ലോക്‌സഭാ സ്പീക്കറുടെ പ്രത്യേക അനുമതിയോടെ തരൂരിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുമെന്നാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്ന സൂചന.

സുനന്ദ പുഷ്‌കറിനെ ഡല്‍ഹി ലീലാ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ശശി തരൂരിനെതിരെ സംശയത്തിന്റെ കുന്തമുന നീണ്ടിരുന്നെങ്കിലും പൊലീസ് അന്വേഷണം പ്രഹസനമായിരുന്നു. ഇതിനെതിരെ രംഗത്ത് വന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യസ്വാമി റഷ്യന്‍ വിഷം നല്‍കിയാണ് തരൂരിന്റെ ഭാര്യ സുനന്ദയെ കൊന്നതെന്ന് ആരോപിച്ചിരുന്നു.

സുനന്ദയുടെ ആന്തര അവയവങ്ങളുടെ പരിശോധനയിലാണ് ബലമായി വിഷം നല്‍കി കൊന്നതാണെന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളത്.

തരൂരും പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായുമായുള്ള ബന്ധമാണ് സുനന്ദ പുഷ്‌കറും തരൂരും തമ്മില്‍ അകലാന്‍ കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതു സംബന്ധമായ അന്വേഷണം നടത്തിയ പൊലീസ് സുനന്ദയുടെ മരണ സമയത്ത് വിദേശത്ത് നിന്നുള്ള മൂന്നു പേര്‍ സുനന്ദ താമസിച്ച ലീലാ ഹോട്ടലില്‍ എത്തിയതായി കണ്ടെത്തിയിരുന്നു.

സുനന്ദയുടെ മരണ സമയത്ത് കേന്ദ്ര മന്ത്രിയായിരുന്ന തരൂര്‍ കേസ് അട്ടിമറിച്ചു എന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ ഡല്‍ഹി സ്‌പെഷ്യല്‍ ടീം കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍.

ഈ സാഹചര്യത്തില്‍ തരൂരിനെ മാത്രമല്ല പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറിനെയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഐപിഎല്‍ ഇടപാടുമായും മറ്റും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം കൊലപാതകത്തിന്  അന്താരാഷ്ട്ര ബന്ധമുള്ളതിനാല്‍ സിബിഐക്ക് വിടണമെന്ന ആവശ്യവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്‌

ഭരണ മാറ്റത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ച് രംഗത്ത് വന്ന ശശി തരൂരിന്റെ നടപടി ഏറെ സംശയത്തിനിട നല്‍കിയിരുന്നു.

തരൂരിന്റെ നീക്കം കേസില്‍ നിന്ന് രക്ഷപ്പെടാനാണ് എന്നായിരുന്നു ആരോപണം. ഡല്‍ഹി പൊലീസിന്റെ പുതിയ നീക്കത്തോടെ മോഡിയുടെ നിലപാട് വ്യക്തമായിരിക്കുകയാണ്.

Top