സുധീരനെതിരായ നീക്കം:ഐ ഗ്രൂപ്പില്‍ ഭിന്നത; വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: മദ്യനയത്തിലെ നിലപാടിനെ ചൊല്ലി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ നടക്കുന്ന പടയൊരുക്കത്തില്‍ ഐ ഗ്രൂപ്പില്‍ ഭിന്നത.

എ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് സുധീരനെ പുകച്ച് പുറത്ത് ചാടിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് ഒരു വിഭാഗം ഐ ഗ്രൂപ്പ് നേതാക്കളുടെ നിലപാട്.

സുധീരനെ ആറാം കൂലിയെന്ന് വിളിച്ച് ആക്ഷേപിച്ച എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ നിലപാടും കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്.

നിലവില്‍ ഐ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ കെ.പി അനില്‍ കുമാര്‍ ഇപ്പോള്‍ വി.എം സുധീരന്റെ പക്ഷത്താണ്. നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും കെ.സി വേണുഗോപാല്‍ എം.പി, മുന്‍ മന്ത്രി പന്തളം സുധാകരന്‍, ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ഷുക്കൂര്‍ തുടങ്ങിയ ഒരു വിഭാഗം ഐ നേതാക്കള്‍ സുധീരനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിനോട് കടുത്ത വിയോജിപ്പിലാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കളോട് അസംതൃപ്തരായ നേതാക്കള്‍ തങ്ങളുടെ നിലപാട് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ബിയര്‍വൈന്‍ പാര്‍ലറുകള്‍ പ്രായോഗിതയുടെ പേരില്‍ പൂട്ടിയ എല്ലാ ബാറുകള്‍ക്കും നല്‍കാനുള്ള നീക്കം അതിര് കടന്ന നടപടിയാണെന്ന നിലപാടും ഐ ഗ്രൂപ്പില്‍ ശക്തമാണ്.

നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ എടുത്ത ഈ തീരുമാനം ജനങ്ങള്‍ക്കിടയില്‍ ഏറെ സംശയത്തിനിട നല്‍കിയിട്ടുണ്ടെന്നും ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

അതേസമയം, മദ്യനയത്തിനെതിരെ കടുത്ത നിലപാട് തുടരുന്ന ആന്റണി സുധീരന്റെ നിലപാടിനെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നാല്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ തന്നെ മാറിമറിയുമെന്ന ഭീതി എ, ഐ ഗ്രൂപ്പിലെ എം.എല്‍.എമാര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും ഇപ്പോള്‍ ശക്തിപ്പെട്ടിട്ടുണ്ട്.

ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരായ ഹൈക്കമാന്‍ഡ് നിലപാട് സുധീരന് തുണയായാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മുഖ്യമന്ത്രിയെയും എ, ഐ ഗ്രൂപ്പ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യം കൂടി പരിഗണിച്ചാണ് ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്താന്‍ എം.എല്‍.എമാരുടെ യോഗം അടിയന്തരമായി വിളിച്ച് ചേര്‍ത്തിരുന്നത്. എന്നാല്‍ ആ യോഗമാണിപ്പോള്‍ ഹൈക്കമാന്‍ഡിനെ പേടിച്ച് മുഖ്യമന്ത്രിയുമായുള്ള എം.എല്‍.എമാരുടെ കൂടിക്കാഴ്ച്ചയായി മാറ്റിയിരിക്കുന്നത്.

മദ്യനയത്തിനെതിരെ ‘തെറ്റ് തിരുത്തി’ലീഗ് നിലപാട് കടുപ്പിച്ച് വരുന്നതും സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്.

Top