സിസ്റ്റര്‍ അമല വധം; പ്രതി കാസര്‍കോഡ് സ്വദേശി സതീഷ് ബാബുവെന്ന് പൊലീസ്

കോട്ടയം: പാലാ കര്‍മ്മലീത്ത മഠത്തില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. കാസര്‍കോഡ് സ്വദേശിയായ സതീഷ് ബാബുവാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

മഠങ്ങള്‍ കേന്ദ്രീകരിച്ച് അക്രമം നടത്തുന്നയാളാണ് ഇയാള്‍. മഠങ്ങള്‍ക്ക് നേരെ നേരത്തെയും അക്രമങ്ങള്‍ നടത്തിയത് ഇയാളാണെന്ന് പൊലീസ് വ്യക്തമാക്കി. മോഷ്ടിച്ച മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

പാലായിലും പരസരപ്രദേശങ്ങളിലും ഇയാള്‍ എത്തിയിരുന്നു എന്നത് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. മറ്റു ജില്ലകളിലും നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുളളയാളാണ് പ്രതിയായ സതീഷ് ബാബുവെന്ന് പൊലീസ് വ്യക്തമാക്കി. ഏപ്രിലില്‍ ഭരണങ്ങാനം സ്‌നേഹഭവനില്‍ ആക്രമണം നടത്തിയതും സതീഷ് ബാബു തന്നെയാണെന്ന് പൊലീസ് പറഞ്ഞു.

സി.അമലയെ കൊലപ്പെടുത്തിയത് താനാണെന്ന് അവകാശപ്പെട്ട് കോട്ടയത്തെ കുപ്രസിദ്ധ ക്രിമിനല്‍ കല്ലുമട നാസര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാഹി പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

സെപ്തംബര്‍ പതിനേഴാം തിയതി രാവിലെ ഏഴ് മണിയോടെയാണ് പാലാ ലിസ്യൂ കാര്‍മലൈറ്റ് കോണ്‍വന്റിലെ സിസ്റ്റര്‍ അമലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനിയെത്തുടര്‍ന്ന് കിടപ്പിലായിരുന്ന സിസ്റ്റര്‍ കുര്‍ബാന സ്വീകരിക്കാന്‍ മാത്രമാണ് ദേവാലയത്തിലെത്തിയിരുന്നത്. മഠം ചാപ്പലില്‍ സിസ്റ്റര്‍ അമലയെ കാണാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കട്ടിലില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

Top