സില്‍വര്‍ലൈന്‍; കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി

ഡല്‍ഹി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും പ്രശ്നങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ബിജെപി നേതൃസംഘം.കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന ജനകീയ പ്രതിഷേധവും സംഘം മന്ത്രിയെ ധരിപ്പിച്ചു.

കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, മെട്രോമാന്‍ ഇ. ശ്രീധരന്‍ എന്നിവരടങ്ങുന്ന സംഘമാണ് റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ആശങ്കകള്‍ അറിയിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പാര്‍ലമെന്റിലായിരുന്നു കൂടിക്കാഴ്ച്ച. ഭൂമിയേറ്റെടുക്കാനുള്ള അനുമതിയില്ലെന്ന് റെയില്‍വേ മന്ത്രി പറഞ്ഞതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. നിലവിലെ ഡി പി ആര്‍ അപര്യാപ്തമെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കി. പദ്ധതി പൂര്‍ത്തിയാക്കാന്‍ 10-12 വര്‍ഷം വരെ വേണ്ടിവരുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കെ റെയില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്കായി സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തികമായും സാങ്കേതികമായും പദ്ധതി പ്രായോഗികമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും ഇതെല്ലാം പരിശോധിച്ച ശേഷമേ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കിയിരുന്നു.

 

Top