സിറിയയില്‍ സൈനിക വ്യോമാക്രമണം; 110 പേര്‍ കൊല്ലപ്പെട്ടു

ഡമസ്‌കസ്: സിറിയയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 110 പേര്‍ കൊല്ലപ്പെട്ടു. 300ഓളം പേര്‍ക്ക് പരിക്കേറ്റു. ഡമസ്‌കസിനടുത്ത് വിമതരുടെ അധീനപ്രദേശമായ ദൗമയിലെ അങ്ങാടിയിലാണ് ആകാശത്തുനിന്ന് ബോംബ് വര്‍ഷിച്ചത്.

വിമതരുടെ അധീനപ്രദേശമായ ദൗമയിലും സമീപപ്രദേശങ്ങളിലും കുറച്ച് മാസങ്ങളായി സര്‍ക്കാര്‍ അനുകൂല സൈന്യം വ്യോമാക്രമണങ്ങളും ഹെലികോപ്ടര്‍ വഴിയുള്ള ബോംബാക്രമണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. നൂറുകണക്കിനാളുകള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച ദൗമയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വ്യോമാക്രമണത്തെതുടര്‍ന്ന് അങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും കെട്ടിടങ്ങളും വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു. പ്രദേശത്തെ ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞതായും എല്ലാവര്‍ക്കും മതിയായ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തത് പ്രശ്‌നം രൂക്ഷമാക്കിയതായും പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞു.

തലസ്ഥാനത്തെ ജയ്‌ശെ അല്‍ഇസ്‌ളാം ഉള്‍പ്പെടെയുള്ള മുഴുവന്‍ വിമതരെയും അടിച്ചമര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ വ്യോമാക്രമണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top