സിബിഐ കസ്റ്റഡിയിലുള്ള ഛോട്ടാ രാജനെ കൊലപ്പെടുത്തുമെന്ന് ആവര്‍ത്തിച്ച് ഡി കമ്പനി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിബിഐ ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള അധോലോക രാജാവ് ഛോട്ടാ രാജനെ കൊലപ്പെടുത്തുമെന്ന് ആവര്‍ത്തിച്ച് അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി. ദാവൂദ് ഇബ്രാഹിം ആസൂത്രണം ചെയ്ത 1993ലെ മുംബൈ സ്‌ഫോടന പരമ്പരയില്‍ പ്രധാന നീക്കങ്ങള്‍ നടത്തിയ ഡി കമ്പനിയുടെ ആറ് അനുയായികളെ ഛോട്ടാ രാജന്‍ വെടിവെച്ച് കൊലപ്പെടുത്തിയതാണ് ദാവൂദിനേയും സംഘത്തേയും പ്രകോപിപ്പിച്ചത്.

മുംബൈ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തങ്ങളുടെ പ്രധാന അനുയായികളെ കൊലപ്പെടുത്തിയ ഛോട്ടാ രാജനെ ഏത് വിധേനെയും കൊലപ്പെടുത്തുമെന്ന് ദാവൂദ് സംഘത്തിലെ പ്രധാനി ഛോട്ടാ ഷക്കില്‍ ആവര്‍ത്തിച്ചു.

മുംബൈയില്‍ സ്‌ഫോടന പരമ്പര നടത്താനും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുമുള്ള ദാവൂദിന്റെ നീക്കങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതാണ് ഛോട്ടാ രാജനെ ഒരു കാലത്ത് സുഹൃത്തായിരുന്ന ദാവൂദിന് എതിരാക്കിയത്. എന്നാല്‍ വൈരാഗ്യത്തിന് പിന്നില്‍ ആറ് സ്‌ഫോടന പ്രതികളെ കൊലപ്പെടുത്തിയതാണ് കാരണമെന്ന് ഇതാദ്യമായാണ് ഛോട്ടാ ഷക്കീലും ദാവൂദ് സംഘവും വ്യക്തമാക്കുന്നത്. 1998-2001 കാലത്താണ് ആറ് ദാവൂദ് അനുയായികളെ രാജന്‍ കൊലപ്പെടുത്തിയതായി ഛോട്ടാ ഷക്കീല്‍ ആരോപിക്കുന്നത്.

ഈ കുറ്റങ്ങള്‍ക്ക് ഡി കമ്പനിയുടെ കോടതിയില്‍ ഛോട്ടാ രാജന് വധശിക്ഷയാണ് വിധിച്ചിരിക്കുന്നതെന്നും ഉടന്‍ നടപ്പാക്കുമെന്നും ഛോട്ടാ ഷക്കീല്‍ പറയുന്നു. സലിം കുര്‍ല, ജിന്‍ഡ്രാന്‍, മജീദ് ഖാന്‍, ഹനീഫ് കട്വാല, അക്ബാര്‍ സമാ ഖാന്‍ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് ആരോപിക്കുന്നത്.

മുംബൈ സ്‌ഫോടനത്തിനുള്ള ആര്‍ഡിഎക്‌സ് സൂക്ഷിക്കുകയും പാകിസ്താനിലേക്ക് ആളെ അയക്കുകയും, അപകടത്തിന് കാരണമായ കാറുകളില്‍ ആര്‍ഡിഎക്‌സ് നിറയ്ക്കുകയും ചെയ്തുവെന്ന കുറ്റം ആരോപിക്കപ്പെട്ടവരാണ് ഇവര്‍.

Top