സിപിഎമ്മിനെ ‘പരാജയപ്പെടുത്താന്‍’ പാര്‍ട്ടി ബുദ്ധിജീവികള്‍ തന്നെ രംഗത്തിറങ്ങുന്നു !

തിരുവനന്തപുരം: സിപിഎമ്മിന് വില്ലന്‍ ചാനല്‍ ബുദ്ധിജീവികള്‍. വിഭാഗീയത കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് പിണറായി വിജയന്റെ നാവായി ചാനല്‍ ചര്‍ച്ചകളില്‍ പ്രേക്ഷകരെ പ്രത്യയശാസ്ത്രം ‘പഠിപ്പിച്ച്’ ജനങ്ങള്‍ക്കിടയില്‍ പിണറായിക്ക് വില്ലന്‍ പരിവേഷം നല്‍കുന്നതിന് നിര്‍ണ്ണായക പങ്കുവഹിച്ചവര്‍ തന്നെയാണ് തിരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.

വരുന്ന നിയസമഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വി.എസ് അച്യുതാനന്ദന്‍ നയിക്കുമെന്ന സിപിഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരന്റെ പ്രസ്താവന മുന്‍നിര്‍ത്തി മാതൃഭൂമി ചാനലില്‍ നടന്ന പ്രൈംടൈം ചര്‍ച്ചയിലാണ് സിപിഎം ബുദ്ധിജീവികളെന്നും രാഷ്ട്രീയ നിരീക്ഷകരെന്നും അറിയപ്പെടുന്ന ഭാസുരേന്ദ്ര ബാബുവും, ശക്തിധരനും വി.എസിനെതിരെ നിലപാടെടുത്തത്.

ചാനല്‍ ചാര്‍ത്തിക്കൊടുത്ത ‘നിരീക്ഷകപട്ടം’ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകനായ എ സജീവനും വി.എസിനെ ഇടിച്ച് താഴ്ത്തി സംസാരിക്കാന്‍ സിപിഎം ബുദ്ധീജീവികള്‍ക്കൊപ്പം കൂടിയെന്നതും ശ്രദ്ധേയമാണ്.

സജീവന്റെ ഒരു പുസ്തക പ്രകാശനചടങ്ങിലാണ് ആദ്യമായി പിണറായി വിജയന്‍ വെള്ളാപ്പള്ളിക്കെതിരെ ആക്രമണമഴിച്ചുവിട്ടതെന്നായിരുന്നു സജീവന്റെ വാദം.

സംസ്ഥാനത്ത് ഉടനീളം സെമിനാറുകള്‍ നടത്തി പിണറായി വിജയനാണ് എസ്എന്‍ഡിപി -ബിജെപി കൂട്ടുകെട്ടിനെതിരെ രംഗത്തുവന്നതെന്ന ഭാസുരേന്ദ്ര ബാബുവിന്റെയും ശക്തിധരന്റെയും നിലപാടുകളെ പിന്തുണച്ചായിരുന്നു ഈ വാദം.

വെള്ളാപ്പള്ളിക്കും ബിജെപിക്കുമെതിരെ വി.എസ് നടത്തുന്ന പടയോട്ടമാണ് അവരെ ഏറ്റവും അധികം പ്രതിരോധത്തിലാക്കുന്നതെന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ചായിരുന്നു ഈ വി.എസ് വിരുദ്ധ നിലപാട്.

ഭാസുരേന്ദ്ര ബാബുവിന്റെയും ശക്തിധരന്റെയും സജീവന്റെയും ഈ നിലപാടുകളെ പൊളിച്ചടുക്കാന്‍ ചര്‍ച്ച നിയന്ത്രിച്ച വേണു ബാലകൃഷ്ണന് തന്നെ രംഗത്തിറങ്ങേണ്ടി വന്നു.

തനിക്ക് പോലും വെള്ളാപ്പള്ളിയെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞത് വി.എസ് ഉന്നയിച്ച വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയതുകൊണ്ടാണെന്ന് വേണു തുറന്നടിച്ചു.

സി ദിവാകരന്റെ അഭിപ്രായം വ്യക്തിപരമാണെന്നും നായകനെ സംബന്ധിച്ച് ഇപ്പോള്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നുമുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശദീകരണത്തോടെ അവസാനിപ്പിക്കേണ്ട വിവാദത്തെ കൂടുതുറന്നു പുറത്തുവിടുന്നതില്‍ പിണറായി വിജയനും വലിയ പങ്ക് കഴിഞ്ഞദിവസം വഹിച്ചിട്ടുണ്ട്.

തലസ്ഥാനത്ത് പത്രപ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത പിണറായി, ദിവാകരന്റെ നിലപാടുകളെ തള്ളിക്കളഞ്ഞ് അടുത്ത തിരഞ്ഞെടുപ്പില്‍ ദിവാകരന്‍ വീണ്ടും മത്സരിക്കണമെന്ന് താന്‍ പറഞ്ഞാല്‍ അത് വിടുവായത്തമാകില്ലേ എന്ന് ചോദിച്ചിരുന്നു.

വി.എസ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജനകീയ നേതാവാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ നായകനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പറഞ്ഞ് തന്ത്രപൂര്‍വ്വം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞുമാറിയ സമയത്തു തന്നെയാണ് പിണറായിയുടെ വേറിട്ട അഭിപ്രായപ്രകടനമുണ്ടായത്.

നേതാക്കള്‍ക്കിടയിലെ ഈ അഭിപ്രായഭിന്നതയാണ് ചാനല്‍ ചര്‍ച്ചയ്ക്കും വഴിയൊരുക്കിയത്.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നിലനില്‍പ്പിനു തന്നെ നിര്‍ണ്ണായകമായ തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ വന്നു നില്‍ക്കെ അണികളിലും അനുഭാവികളിലും ആശങ്കയ്ക്കും പൊതുസമൂഹത്തിനിടയില്‍ എതിര്‍പ്പിനും കാരണമായ നിലപാടുകളാണ് ചില നേതാക്കളും ‘പാര്‍ട്ടി ബുദ്ധിജീവികളും’ കൈക്കൊണ്ടത്.

തിരുവനന്തപുരത്തുനിന്ന് തുടങ്ങിയ വി.എസിന്റെ പര്യടനം രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിച്ച് വലിയ ജനപിന്തുണയോടെ ജില്ലകള്‍ പിന്നിടുമ്പോഴാണ് വി.എസിനേക്കാള്‍ കേമന്‍ പിണറായിയാണെന്ന് സ്ഥാപിച്ച് വി.എസിനെ ഇകഴ്ത്തി കാണിക്കാന്‍ ഈ ‘ബുദ്ധി രാക്ഷസര്‍’ ശ്രമിച്ചത്.

കേമനാരാണ് എന്ന ചര്‍ച്ച തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മതിയായിരുന്നുവെന്ന വികാരമാണ് സിപിഎമ്മിലെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കും അണികള്‍ക്കുമിടയിലുള്ളത്.

ഇപ്പോഴത്തെ വിവാദം വി.എസിന്റെ കോപത്തിന് ഇടയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ കാര്യം കൈവിട്ടുപോകുമെന്ന മുന്നറിയിപ്പ് കീഴ്ഘടകങ്ങളില്‍ നിന്നുതന്നെ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

മൈക്രോഫിനാന്‍സ് തട്ടിപ്പ്, ബീഫ് വിവാദം, എസ്എന്‍ഡിപി -ബിജെപി കൂട്ടുകെട്ട്, മുഖ്യമന്ത്രിയുടെ മൗനം തുടങ്ങി വിലക്കയറ്റം വരെയുള്ള വിഷയങ്ങളില്‍ വി.എസ് പറയുന്ന കാര്യങ്ങള്‍ക്ക് പൊതുവെ സ്വീകാര്യത കിട്ടുന്നത് തിരഞ്ഞെടുപ്പില്‍ അനുകൂലമാവുമെന്ന പ്രതീക്ഷ ചാനല്‍ ബുദ്ധിജീവികള്‍ തട്ടിത്തെറിപ്പിക്കരുതെന്നാണ് സിപിഎം അണികള്‍ ആവശ്യപ്പെടുന്നത്.

ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം കര്‍ക്കശമായ നിലപാട് സ്വീകരിക്കണമെന്നും വി.എസിനെ തള്ളി പറയുന്ന ചര്‍ച്ചയില്‍ സിപിഎം അനുഭാവിയെന്ന രൂപത്തില്‍ ഒരു ബുദ്ധിജീവിയും ഇപ്പോള്‍ പങ്കെടുക്കരുതെന്നുമാണ് ഉയര്‍ന്നുവന്നിരിക്കുന്ന ആവശ്യം.

വി.എസ് നേര്‍ച്ചകോഴിയാണെന്നും തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കറിവേപ്പിലയാവുമെന്നുമൊക്കെയുള്ള ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും പ്രചരണങ്ങള്‍ക്ക് പൊതുസമൂഹത്തിനിടയില്‍ സ്ഥിതീകരണം നല്‍കാന്‍ മാത്രമെ ഇത്തരം നിലപാടുകള്‍ക്ക് വഴിയൊരുക്കൂവെന്നാണ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

വിവാദം ഇനിയും തുടരുകയാണെങ്കില്‍ ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്നാണ് അവരുടെ അഭിപ്രായം.

Top