സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനം; കേരള പ്രതിനിധികള്‍ക്കിടയില്‍ അഭിപ്രായഭിന്നത

വിശാഖപട്ടണം: സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ് രാമചന്ദ്രന്‍ പിള്ളയെ നിര്‍ദേശിക്കുന്നതിനെ ചൊല്ലി സിപിഎം കേരള പ്രതിനിധികള്‍ക്കിടയില്‍ ഭിന്നത.

വിരലിലെണ്ണാവുന്ന വി.എസ് അനുകൂല നേതാക്കള്‍ക്ക് പുറമെ ഔദ്യോഗിക പക്ഷത്തെ നല്ലൊരു വിഭാഗം നേതാക്കള്‍ക്കും സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നതിനോടാണ് താല്‍പര്യം.

സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ വി.എസ് അച്യുതാനന്ദന്‍, ജോസഫൈന്‍, പി.കെ ഗുരുദാസന്‍ എന്നിവര്‍ക്കും ഇതേ നിലപാടാണുള്ളത്. സിപിഎം സംസ്ഥാന ഘടകത്തിലെ ചെറുപ്പക്കാരായ നേതാക്കളില്‍ നല്ലൊരു വിഭാഗവും യെച്ചൂരിയെ പിന്‍തുണക്കുന്നവരാണ്.

എന്നാല്‍ പിണറായി- കോടിയേരി അച്ചുതണ്ടിന്റെ തീരുമാനങ്ങളെ എതിര്‍ക്കാന്‍ മാത്രം ശക്തിയില്ലാത്തതിനാല്‍ പാര്‍ട്ടി കേരള നേതൃത്വത്തിന്റെ തീരുമാനത്തിനനുസരിച്ച് നീങ്ങാനാണ് സമ്മേളന പ്രതിനിധികളുടെ തീരുമാനം.

സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ എ.വിജയരാഘവന്‍, പി രാജീവ് എം.പി, ശ്രീരാമകൃഷ്ണന്‍, എം.ബി രാജേഷ്, എസ്എഫ്‌ഐ പ്രസിഡന്റ് ശിവദാസന്‍, തുടങ്ങിയ യുവ നേതാക്കളുമായി വളരെ അടുത്ത ബന്ധമാണ് യെച്ചൂരിക്കുള്ളത്.

പബ്ലിക് ഇമേജിനും പാര്‍ട്ടിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും വളര്‍ച്ചക്കും യെച്ചൂരി തന്നെ ജനറല്‍ സെക്രട്ടറിയാവണമെന്ന നിലപാടിലാണ് ഈ നേതാക്കള്‍ എന്നാണ് സൂചന.

അതേസമയം വി.എസുമായി വളരെ അടുപ്പമുള്ള സീതാറാം യച്ചൂരിയേക്കാള്‍ മലയാളിയായ രാമചന്ദ്രന്‍ പിള്ള സെക്രട്ടറിയാകുന്നതിനോടാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് കൂടുതല്‍ താല്‍പര്യം. നിലവിലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഈ നിലപാടിനൊപ്പമാണെന്നാണ് സൂചന.

ബംഗാള്‍, തൃപുര, ഹിമാചല്‍ പ്രദേശ്, ബീഹാര്‍, തമിഴ്‌നാട് അടക്കം മറ്റ് നിരവധി സംസ്ഥാന ഘടകങ്ങളുടെ പിന്‍തുണ യെച്ചൂരിക്ക് ഉണ്ടെങ്കിലും രാജ്യത്ത് നിലവില്‍ സിപിഎമ്മിന് ഏറ്റവും അധികം ശക്തിയുള്ള കേരള ഘടകത്തിന്റെ നിലപാട് പുതിയ നായകന്റെ കാര്യത്തില്‍ നിര്‍ണായകമാണ്.

കേരളത്തിലെ നേതൃത്വത്തില്‍ അവസാന നിമിഷം പുനര്‍ വിചിന്തനമുണ്ടാകാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല. യെച്ചൂരിയുടെ സാധ്യത വര്‍ധിച്ചാല്‍ ഒഴുക്കിനനുസരിച്ച് നീങ്ങാനായിരിക്കും കേരള നേതൃത്വം താല്‍പര്യപ്പെടുക. അല്ലാത്ത പക്ഷം മത്സരത്തിനുവരെ ഒരുപക്ഷെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായേക്കും.

Top