സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ആരംഭിച്ചു

ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ആരംഭിച്ചു. വി.എസും സംസ്ഥാന നേതൃത്വവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇന്നും നാളെയും ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കില്ല. എന്നാല്‍, രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം കേരളത്തിലെ പ്രശ്‌നവും കേന്ദ്ര കമ്മിറ്റിയുടെ മുന്നിലെത്തും. കേരള വിഷയങ്ങളില്‍ പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം ചര്‍ച്ച മതിയെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം.

വിഎസിനെ പാര്‍ട്ടി വിരുദ്ധനെന്നു കുറ്റപ്പെടുത്തുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയവും അതില്‍ പ്രതിഷേധിച്ചു സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോന്നതും ഉള്‍പ്പെടെയുള്ളവ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കേന്ദ്ര കമ്മിറ്റി മുമ്പാകെ വയ്ക്കുന്ന സംഘടനാ റിപ്പോര്‍ട്ടിലുണ്ടാകും. വിശദമായ ചര്‍ച്ച പിന്നീട് ആകാമെന്ന പിബിയിലെ ധാരണയും കാരാട്ട് കേന്ദ്ര കമ്മിറ്റിയെ അറിയിക്കും.

Top