സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി. ജയരാജന്‍ തിരികെ പ്രവേശിച്ചു

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു അവധിയെടുത്ത പി. ജയരാജന്‍ ചുമതലയില്‍ തിരികെ പ്രവേശിച്ചു. ചികില്‍സയ്ക്കായി 13നാണു ജയരാജനു പാര്‍ട്ടി അവധി അനുവദിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജനായിരുന്നു താല്‍ക്കാലിക ചുമതല. ചികില്‍സ അവസാനിച്ചതിനെത്തുടര്‍ന്നാണു പി. ജയരാജന്‍ വീണ്ടും ചുമതലയേറ്റത്.

ഹൃദ്രോഗബാധയെത്തുടര്‍ന്നു ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനായ ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജിലും പിന്നീട് എകെജി ആശുപത്രിയിലും വിശ്രമത്തിലായിരുന്നു. ഇന്ന് പതിനൊന്നോടെയാണ് ആശുപത്രി വിട്ടത്. തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഓഫിസിലെത്തി ചുമതലയേറ്റു. തന്റെ ചികില്‍സ പോലും എതിരാളികളും ചില മാധ്യമങ്ങളും രാഷ്ട്രീയമായി ഉപയോഗിച്ചെന്നു ജയരാജന്‍ പറഞ്ഞു.

ഒളിവിലാണെന്നു വരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. തന്റെ ചികില്‍സാരേഖകള്‍ ആര്‍ക്കും ലഭ്യമാണ്. 2004ലും 2005ലും കൊച്ചി അമൃത ആശുപത്രിയില്‍ വച്ച് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിട്ടുണ്ട്. ഇത് നാലാം തവണയാണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത്. . സിപിഎമ്മിനെ തകര്‍ക്കാന്‍ ആര്‍എസ്എസും കോണ്‍ഗ്രസും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി ശ്രമിക്കുകയാണ്. ചില കേസുകള്‍ ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണു ശ്രമമെന്നും ജയരാജന്‍ പറഞ്ഞു.

അതേ സമയം കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു ജയരാജന്‍ മറുപടി നല്‍കിയില്ല.

Top