സിന്ധു ജോയിയെ അഭിസാരിക എന്നുവിളിച്ച വി.എസിനെതിരെ കോണ്‍ഗ്രസ് പ്രചാരണം

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നെങ്കിലും വി.എസിനെ വിടാതെ കോണ്‍ഗ്രസ്.

മുന്‍ എസ്എഫ്‌ഐ നേതാവ് സിന്ധു ജോയിക്കെതിരെയും മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ലതിക സുഭാഷിനെതിരെയും മുന്‍പ് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയിട്ടുള്ള പ്രതിപക്ഷ നേതാവ് ഇപ്പോള്‍ ചെറിയാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ രംഗത്ത് വന്നത് ഇരട്ടത്താപ്പാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്.

ഇടതുമുന്നണിയുടെ മുഖ്യപ്രചാരകന്‍ കൂടിയായ വി.എസിനെ പ്രതിരോധത്തിലാക്കാനും സ്ത്രീ സമൂഹത്തിന്റെ വോട്ട് യുഡിഎഫിന് അനുകൂലമാക്കാനുമാണ് കോണ്‍ഗ്രസിന്റെ ഈ പ്രചരണം.

ഇതിനായി വി.എസിന്റെ വിവാദ പരാമര്‍ശങ്ങളടങ്ങിയ വാര്‍ത്തകളുടെ പത്ര കട്ടിംഗ്‌സ് കൊളാഷ് രൂപത്തിലാക്കി വീടുകളില്‍ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്.

കൂടാതെ ഇതുസംബന്ധമായി ദൃശ്യ മാധ്യമങ്ങളില്‍ വന്ന വിഷ്വല്‍സും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്.

എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന സിന്ധു ജോയി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷമാണ് വി.എസ് ‘അഭിസാരിക’ പ്രയോഗം നടത്തിയതെന്നാണ് ആക്ഷേപം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ലതിക സുഭാഷിനെതിരെ വി.എസ് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.

പുതിയ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഈ പഴയ കാര്യങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊടി തട്ടിയെടുത്തിട്ടുള്ളത്.

പി.ബി അംഗം പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചെറിയാന്‍ ഫിലിപ്പിനെ പിന്‍തുണച്ചപ്പോഴാണ് വി.എസ് ചെറിയാനെതിരെ രംഗത്തുവന്നിരുന്നത്. വി.എസ് ചെറിയാന്റെ പോസ്റ്റ് ശരിക്കും മനസിലാക്കാതെയായിരിക്കാം പ്രതികരിച്ചതെന്നാണ് ഇതേക്കുറിച്ച് പിണറായിയും പ്രതികരിച്ചിരുന്നത്.

ചെറിയാന്‍ വിവാദത്തില്‍ വി.എസിന്റെ വാദത്തെ പിന്‍തുണക്കുന്നതിനപ്പുറം അദ്ദേഹത്തെ പ്രതിരോധത്തിലാക്കുന്നതാണ് രാഷ്ട്രീയപരമായി ഗുണം ചെയ്യുകയെന്ന് കണ്ടാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് പ്രചാരണം.

Top