സിനിമ ഒരു കൊടുമുടിയെങ്കിൽ അത് കീഴടക്കാനാകട്ടെ ; പ്രണവിന് ആശംസകളുമായി ശ്രീകുമാർ മേനോൻ

Pranav

സിനിമ ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹൻലാലിന് ആശംസകളുമായി സംവിധായകന്‍ വി.എ ശ്രീകുമാർ മേനോൻ.’പർവതങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാരനാണ് നിങ്ങൾ. സിനിമ ഒരു കൊടുമുടിയെങ്കിൽ അത് കീഴടക്കാനാകട്ടെ.’ ശ്രീകുമാർ മേനോൻ കുറിപ്പിൽ പറയുന്നു.

പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ആദി. ജീത്തു ജോസഫ് തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, അദിതി രവി, അനുശ്രീ, ലെന, ടോണി ലൂക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ശ്രീകുമാർ മേനോന്റെ കുറിപ്പിന്റെ പൂർണ രൂപം . . .

പ്രിയപ്പെട്ട പ്രണവ്,

സ്വാഗതം, പാഠപുസ്തകം പോലെ അച്ഛന്റെ പാദമുദ്രകൾ പതിഞ്ഞുകിടക്കുന്ന ലോകത്തിലേക്ക്… നിങ്ങളുടെ കുടുംബത്തിന് മീതേ വർഷങ്ങളായി ഒരു മഞ്ഞിൻപൂവ് പോലെ വിരിഞ്ഞുനിൽക്കുന്ന സിനിമയെന്ന മനോഹാരിതയുടെ വീട്ടിലേക്ക്.. അതിന്റെ ഒരു കോണിൽ നിന്നുകൊണ്ട് ഒരിക്കൽക്കൂടി സ്വാഗതം പറയുന്നു.

ഏറെ യാത്രചെയ്യുന്ന,വായിക്കുന്ന,എഴുതുന്ന, പർവതങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാരനാണ് നിങ്ങൾ. സിനിമ ഒരു കൊടുമുടിയെങ്കിൽ അത് കീഴടക്കാനാകട്ടെ…ഒരു ഭൂഖണ്ഡമെങ്കിൽ അങ്ങോട്ടുള്ള യാത്ര ഓരോ നിമിഷവും ആസ്വാദ്യകരമാകട്ടെ…ഒരു കവിതയെങ്കിൽ അതിന്റെ ഈണം എന്നും പ്രചോദിപ്പിക്കട്ടെ.. ‘ആദി’യിൽ വിജയമുണ്ടാകട്ടെ…എല്ലാ ആശംസകളും പ്രാർഥനകളും!

Top