സിനിമാ മേഖലയിലെ ഉള്ളുകളികള്‍ ജനങ്ങള്‍ക്ക് പിടിക്കിട്ടി തുടങ്ങിയെന്ന് സുധാകരന്‍

g sudhakaran

കോഴിക്കോട്: സിനിമാ മേഖലയിലെ ഉള്ളുകളികള്‍ ജനങ്ങള്‍ക്ക് പിടിക്കിട്ടി തുടങ്ങിയെന്ന് മന്ത്രി ജി സുധാകരന്‍. കോഴിക്കോട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

താരസംഘടനയായ അമ്മയുടെ വാര്‍ഷിക യോഗത്തോടെ സിനിമാ മേഖലയില്‍ നടക്കുന്ന ഉള്ളുകളികള്‍ ഏറെക്കുറെ ജനങ്ങള്‍ക്കു പിടികിട്ടിയെന്നും, സിനിമാ മേഖലയില്‍ നടക്കുന്ന കാര്യങ്ങളുടെ ഉദാഹരണമാണ് അമ്മ യോഗത്തിലുണ്ടായ സംഭവങ്ങള്‍. ഇനിയും ഒരുപാടുകാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും മന്ത്രി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്, അമ്മ യോഗത്തിന് ശേഷമുണ്ടായ താരങ്ങളുടെ പ്രതികരണവും വാര്‍ത്താസമ്മേളനവും വിവാദമായിരുന്നു.

കുറ്റാരോപിതനായ ദിലീപിനെയും ആക്രമിക്കപ്പെട്ട നടിയെയും തള്ളിപ്പറയില്ലെന്ന് ഗണേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ നടന്‍ മുകേഷും പ്രകോപിതനായി മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഉത്തരവാദിത്വപെട്ട ജനപ്രതിനിധികള്‍ എന്ന നിലയില്‍ ഇരുവരും പ്രതികരിക്കേണ്ട രീതിയിലല്ല പെരുമാറിയതെന്ന നിരീക്ഷണമാണ് ഇടത് കേന്ദ്രങ്ങള്‍ക്കുള്ളത്.

മുകേഷിന്റെ പെരുമാറ്റം പക്വമല്ലായിരുന്നുവെന്നും വിഷയത്തില്‍ എംഎല്‍എയോട് വിശദീകരണം ചോദിക്കാനും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും ഇന്നസെന്റിന്റേയും കോലം കത്തിച്ചു.

താരങ്ങളുടെ പ്രതികരണത്തിനെതിരേ സിനിമാരാഷ്ട്രീയസാമൂഹിക മേഖലകളില്‍നിന്നു വന്‍ പ്രതിഷേധം ഉയരുന്നുണ്ട്.

ഇന്നസെന്റ്, മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ ജനപ്രതിനിധികളായിരിക്കെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേര്‍ക്കു കയര്‍ത്തത്. ഇതിനെതിരേയാണ് മന്ത്രിയടക്കമുള്ളവര്‍ രംഗത്തെത്തിയത്.

Top