സിംബാബ്‌വെ ഭരണത്തിൽ അട്ടിമറി ; സൈനിക നടപടിക്ക് വ്യാപക പിന്തുണ

ഹരാരെ: സിംബാബ്‌വെ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ മന്‍ഗാഗ്വയെ പ്രസിഡന്റ് റോബര്‍ട് മുഗാബെ പുറത്താക്കിയതിനെ തുടർന്ന് ഉണ്ടായ ഭരണ പ്രതിസന്ധി ശക്തമായി മാറിയിരിക്കുന്നു.

പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ വീട്ടുതടങ്കലിലാക്കിയ സൈനിക നടപടിയെ അനുകൂലിച്ച് പതിനായിരങ്ങള്‍ തെരുവിലിറങ്ങി.

ഹരാരെയിലെ മുഗാബെയുടെ വസതിയിലേക്ക് ജനാധിപത്യ ഭരണം വേണമെന്നും സ്വാതന്ത്ര്യം വേണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പ്രകടനവും നടത്തി.

സിംബാബ്‌വെ ഭരണത്തിൽ പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് സൈന്യത്തിന് ജനങ്ങളുടെ പിന്തുണ ലഭിക്കുന്നത്.

മുഗാബെയുടെ 37 വര്‍ഷത്തെ ഭരണത്തിന്റെ പതനം ആഘോഷിക്കുകയാണ് ജനങ്ങള്‍.

മന്‍ഗാഗ്വയെ പുറത്താക്കിയതിനെ തുടർന്ന് സൈന്യം ഭരണം ഏറ്റെടുക്കുമെന്ന് സൈനിക മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു.

വിശ്വാസവഞ്ചന കുറ്റം ആരോപിച്ചാണ് 75 വയസുകാരനായ മന്‍ഗാഗ്വയെ മുഗാബെ പുറത്താക്കിയത്.

ആഫ്രിക്കയുടെ തെക്കുഭാഗത്തുള്ള രാജ്യമായ സിംബാബ്‌വെയിൽ 1980ലാണ് റോബർട്ട് മുഗാബെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

പിന്നീട് 1987ലെ ഭരണഘടനാ ഭേദഗതിയിലൂടെ പ്രസിഡന്റായ മുഗാബെ ഇപ്പോഴും പദവിയിൽ തുടരുകയാണ്. എന്നാൽ മുഗാബെയുടെ ഭരണം അവസാനിച്ചുവെന്ന് തന്നെയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Top