ഋഷിരാജ്‌ പോയപ്പോള്‍…. വൈദ്യുതി വകുപ്പ് ഇരുട്ടിലായി; വെളിച്ചം തേടി മന്ത്രി ആര്യാടന്‍

തിരുവനന്തപുരം: സിങ്കം കിടന്ന മടയില്‍ പകരം വന്നയാള്‍ക്ക് ശൗര്യം പോരാത്തത് വൈദ്യുതി വകുപ്പിന് തിരിച്ചടിയാകുന്നു. വൈദ്യുതി മോഷ്ടാക്കളുടെയും മറ്റും പേടി സ്വപ്നമായ ഋഷിരാജ് സിംങ് കളം വിട്ടതോടെ വീണ്ടും കുത്തഴിഞ്ഞ അവസ്ഥയിലേക്കാണ് വൈദ്യുതി വകുപ്പിന്റെ പോക്ക്.

ഋഷിരാജ് സിംങ്‌ ചീഫ് വിജിലന്‍സ് ഓഫീസറായതോടെ വകുപ്പിന് കിട്ടിയ ‘ഗ്ലാമര്‍’ പരിവേഷം സിംങിന്റെ മടക്കത്തോടെ തകരുന്നതില്‍ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദും നിരാശയിലാണ്.

ഋഷിരാജ് സിംങിനെ മാറ്റുന്നതിനോട് ആര്യാടനും യോജിപ്പില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എ.ഡി.ജി.പി റാങ്കിലായിരുന്ന സിംങിന് പകരം എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ വൈദ്യുതി വകുപ്പില്‍ ചീഫ് വിജിലന്‍സ് ഓഫീസറായി നിയമിച്ച നടപടിയിലും ആര്യാടന്‍ അസ്വസ്ഥനാണ്.

സിംങിന് ബദലായി വരുന്ന ഉദ്യോഗസ്ഥന്‍ ശക്തനായില്ലെങ്കില്‍ വൈദ്യുതി വകുപ്പിന് ഇപ്പോഴുണ്ടായിട്ടുള്ള നേട്ടം പോലും കോട്ടമായി മാറുമെന്ന ആശങ്കിയിലാണ് അദ്ദേഹം.

കുറച്ച് കൂടി ഉയര്‍ന്ന റാങ്കിലുള്ള കര്‍ക്കശക്കാരനായ ഓഫീസര്‍ വന്നാലെ നിയമ വിരുദ്ധരെ പിടികൂടി വൈദ്യുതി വകുപ്പിന് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയൂ എന്ന നിലപാട് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുമുണ്ട്.

വന്‍കിട മുതലാളിമാരെ കാണുമ്പോള്‍ മുട്ട് വിറക്കുന്ന ഉദ്യോഗസ്ഥ ‘പരിമിതി’ ഋഷിരാജ് സിംങിന്റെ സ്ഥലം മാറ്റത്തോടെ വീണ്ടും ഉണ്ടായ സാഹചര്യമാണ് ഇപ്പോള്‍ വൈദ്യുതി വകുപ്പിലുള്ളത്.

കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ 31,000 റെയ്ഡുകള്‍ നടത്തി 1000 ക്രമക്കേടുകളാണ് ഋഷിരാജ് സിംങിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയത്. കോടിക്കണക്കിന് രൂപയുടെ പിഴയും ഈടാക്കി. കൊല്ലം ജില്ലയില്‍ മാത്രം 601 പരിശോധനകളില്‍ 17 വൈദ്യുതി മോഷണങ്ങളും 70 ക്രമക്കേടുകളുമാണ് കണ്ടെത്തിയത്. എറണാകുളം ജില്ലയാണ് ഏറ്റവും കൂടുതല്‍ ക്രമക്കേട് നടന്ന ജില്ല.

ദിവസവും സംസ്ഥാനത്തു നടത്തുന്ന പരിശോധനകളിലൂടെ രണ്ടുലക്ഷം രുപാ വീതം പിഴയിനത്തില്‍ മാത്രം സര്‍ക്കാരിനു ലഭിക്കുന്നുണ്ട്. മീറ്ററില്‍ കൃത്രിമം കാണിക്കുക,അനുവദനീയമായതില്‍ കവിഞ്ഞ ഉപഭോഗം നടത്തുക,ഹൈടെന്‍ഷന്‍ ലൈനില്‍ നിന്നും നേരിട്ട് കണക്ഷന്‍ നടത്തുക എന്നിവയാണ് കണ്ടെത്തിയിട്ടുള്ളത്.

സാധരണക്കാര്‍ വൈദ്യതി മോഷണം നടത്താറില്ല, സമ്പന്നരും ഫ്‌ളാറ്റുകള്‍പോലെയുള്ള വന്‍കെട്ടിടങ്ങളുടെ ഉടമകളുമാണ് മോഷണം നടത്തുന്നത്.

വൈദ്യതി മോഷണവും മറ്റും സംബന്ധിച്ചു പൊതുജനങ്ങളില്‍ നിന്നും നേരിട്ടു പരാതി സ്വീകരിക്കുന്ന പദ്ധതിയും സിംങിന്റെ നേതൃത്വത്തില്‍ തുടങ്ങിയിരുന്നു. വൈദ്യുതി മോഷണ വിവരം അറിയിക്കുന്നവര്‍ക്കു പിഴയുടെ അഞ്ചു ശതമാനമോ,പരമാവധി അന്‍പതിനായിരം രൂപ വരെയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

മൂന്നാറില്‍ വൈദ്യൂതി വകുപ്പിന്റെ ഭൂമി സ്വകാര്യ കമ്പനികള്‍ കയ്യേറിയതിനെക്കുറിച്ചും ഋഷിരാജ് സിംങിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തിയവരും വൈദ്യുത മോഷ്ടാക്കളായ വ്യവസായ ശാലകള്‍ അടക്കമുള്ളവരും സിംങിന്റെ കര്‍ക്കശ നിലപാടിനെ തുടര്‍ന്ന് കള്ളക്കളി അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. മാറിയ സാഹചര്യത്തില്‍ ഏറെ സന്തോഷിക്കുന്നതും ഈ വിഭാഗമാണ്.

വൈദ്യുതി വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ സര്‍ക്കാരിനെ കബളിപ്പിക്കുന്ന ‘വൈദ്യുതി മാഫിയ’ വീണ്ടും തലപൊക്കാതെയിരിക്കാന്‍ കര്‍ക്കശ്ശക്കാരനായ ഒരു ഓഫീസറുടെ സേവനമാണ് മന്ത്രി ആര്യാടന്‍ ആഗ്രഹിക്കുന്നത്.

വൈദ്യുതി വകുപ്പിലേക്ക് പോകാന്‍ ഋഷിരാജ് സിംങിനെ പോലെ മറ്റ് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതിനാല്‍ പറ്റിയ ഉദ്യോഗസ്ഥനെ കണ്ട് പിടിച്ച് നിയമിക്കാന്‍ വകുപ്പ് മന്ത്രി തന്നെ ‘ചൂട്ടും പിടിച്ച്’ രംഗത്തിറങ്ങിയിരിക്കുകയാണ്. സിങ്കം കിടന്ന മടയല്‍ പൂടയെങ്കിലും വേണമെന്നാണത്രെ ആര്യാടന്റെ നിലപാട്.

Top