സായിയിലെ കായിക വിദ്യാര്‍ത്ഥിനിയുടെ മരണം: കൊച്ചി റേഞ്ച് ഐ.ജി അന്വേഷിക്കും

ആലപ്പുഴ: സായി പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥി വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്ത സംഭവം കൊച്ചി റേഞ്ച് ഐ.ജി അജിത് കുമാര്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഐ.ജി ഇന്നുതന്നെ സംഭവസ്ഥലം സന്ദര്‍ശിക്കും. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തതായും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഹോസ്റ്റലില്‍ റാഗിങ് നടന്നതായി സായി ഡയറക്ടര്‍ ജനറല്‍ ഇന്‍ജെറ്റി ശ്രീനിവാസന്‍ കായികമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ഥിനികളില്‍ നിന്നുള്ള ശാരീരിക മാനസിക പീഡനങ്ങള്‍ കുട്ടികള്‍ നേരിട്ടിരുന്നതായി ബന്ധുക്കളും ആരോപിച്ചിരുന്നു. കുട്ടികളുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സായ് ഡയറക്ടര്‍ ജനറല്‍ ഇന്‍ജെറ്റി ശ്രീനിവാസന്‍ പറഞ്ഞു.

അതേസമയം, വിഷക്കായ കഴിച്ച സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആലപ്പുഴ കലക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. കുട്ടികള്‍ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായെന്നാണ് പരാതിയുണ്ട്. ഇക്കാര്യവും അന്വേഷണ വിധേയമാക്കും. വിഷക്കായ കഴിച്ചവരെ ആശുപത്രിയിലെത്തിക്കാന്‍ കാലതാമസമുണ്ടായെന്നും കലക്ടര്‍ അറിയിച്ചു.

സംഭവം വിശദമായി അന്വേഷിക്കുമെന്ന് സായ് കേരള ഡയറക്ടര്‍ ജി. കിഷോര്‍ അറിയിച്ചു. അന്വേഷണത്തിനു ശേഷം ഉചിതമായ നടപടി സ്വീകരിക്കും. ഹോസ്റ്റലില്‍ പീഡനം നടന്നുവെന്ന ആരോപണത്തെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Top